ന്യൂഡൽഹി > രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താൻ കേന്ദ്രസർക്കാരിന് കൊളീജിയം 106 ശുപാർശ കൈമാറിയെന്നും അവ ഉടന് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
മെയ് മുതൽ ഒമ്പത് ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരുടെ ഒഴിവുകളിലടക്കം106 ശുപാർശ കൊളീജിയം കൈമാറി. ഇതുവരെ അംഗീകരിച്ചത് ഏഴ് ജഡ്ജിമാരുടെയും ഒരു ചീഫ്ജസ്റ്റിസിന്റെയും ശുപാർശ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നടപടി ഉണ്ടാകുമെന്ന് നിയമമന്ത്രി അറിയിച്ചെന്നും ചീഫ്ജസ്റ്റിസ് വിശദീകരിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര നിയമമന്ത്രി കിരൺറിജിജു തുടങ്ങി നിരവധിപ്പേർ പങ്കെടുത്ത ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമാവബോധ പ്രചാരണ പരിപാടിയിലാണ് ചീഫ്ജസ്റ്റിസ് ഇക്കാര്യമറിയിച്ചത്.
സെപ്തംബർ 16നാണ് എട്ട് ഹൈക്കോടതിയിലെ ചീഫ്ജസ്റ്റിസുമാരെ നിയമിക്കാനുള്ള ശുപാർശ കൈമാറിയത്. ഹൈക്കോടതികളിലേക്ക് ഉയർത്താവുന്ന കീഴ്ക്കോടതി ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പട്ടികയും കൈമാറി. ഹൈക്കോടതികളിൽ 471 ജഡ്ജിമാരുടെ ഒഴിവുണ്ട്.