തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി. ബെവ്കോ എം.ഡിയായിരുന്ന യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പോലീസ് ട്രെയ്നിങ് എന്ന പുതിയ തസ്തികയിൽ നിയമിച്ചു. മനോജ് എബ്രഹാം നിലവിൽ ചുമതല വഹിക്കുന്ന എ.ഡി.ജി.പിഹെഡ്ക്വാട്ടേഴ്സ് തസ്തികയ്ക്ക് തുല്യമാണ് യോഗേഷ് ഗുപ്തയുടെ പുതിയ നിയമനമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഹെഡ്ക്വാർട്ടേഴ്സ് ഡി.ഐ.ജി ആയിരുന്ന വി.എസ് ശ്യാം സുന്ദറിനെ ബെവ്കോയുടെ പുതിയ എം.ഡിയായി നിയമിച്ചു. പുതിയതായി ഐ.പി.എസ് ലഭിച്ച ഷൗക്കത്തലിയെ ആന്റി ടെററിസ്റ്റ് ഫോഴ്സ് എസ്.പിയായി നിയമിച്ചു. ടി.പി. വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ ഷൗക്കത്തലി നിലവിൽ എൻ.ഐ.എയിലാണ്. ചൈത്രാ തെരേസ ജോണിനെ റെയിൽവേ പോലീസ് എസ്.പിയായി നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിയെത്തിയ രാഹുൽ ആർ നായരെ കോഴിക്കോട് സെൻട്രൽ ക്രൈംബ്രാഞ്ച് യൂണിറ്റ് മൂന്നിന്റെ എസ്.പിയായി നിയമിച്ചിട്ടുണ്ട്.
ആനന്ദ് ആർ. ഹെഡ്ക്വാർട്ടേഴ്സ് അഡീഷണൽ എ.ഐ.ജിയായി ചുമതലയേൽക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായി കെ.വി. സന്തോഷിനേയും ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പിയായി കുര്യാക്കോസ് വി.യുവിനേയും നിയമിച്ചു.
Content Highlights: Reshuffle in state police officers