ഹരിത വിഷയം യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല. അത് കഴിഞ്ഞുപോയ കാര്യമാണ്. അത് വീണ്ടും തുറക്കാൻ ശ്രമിച്ചാൽ നടക്കില്ല. യോഗത്തിൽ എതിരഭിപ്രായങ്ങൾ ഉയർന്നില്ല. ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് അഭിപ്രായം ഉയർന്നതെന്നും പിഎംഎ സലാം പറഞ്ഞു.
Also Read:
ഭാവി പ്രവർത്തനത്തിനുള്ള നയരേഖ മുസ്ലിം ലീഗ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലകളിൽ പ്രവർത്തക സമിതി യോഗം വിളിക്കും. ജില്ലകളിലെ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ആദ്യ ലക്ഷ്യം. താഴേ തട്ടിലുള്ള ഘടകങ്ങളുമായി നേതൃത്വം ആശയവിനിമയം നടത്തും. പാർട്ടിയിലേയും മുന്നണിയിലേയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. അച്ചടക്കം പ്രധാനമാണെന്നും പാർട്ടിയിൽ അച്ചടക്ക സമിതി ജില്ലാ തലത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിന് വക്താക്കളെ ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് അഴകൊഴമ്പൻ സമീപനമാണെന്ന് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. പാലാ ബിഷപ്പിന്റെ പ്രസ്താവന, ന്യൂനപക്ഷ സ്കോളർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചത് അഴകൊഴമ്പൻ നയമാണെന്നാണ് കുറ്റപ്പെടുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് പ്രവർത്തക സമിതി യോഗത്തിന്റെ അജണ്ട.
Also Read:
നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ച തോൽവിയിൽ നിന്നും കരകയറാനുള്ള ആത്മവിശ്വാസം കോൺഗ്രസിനില്ല. പരാജയത്തിൽ നിന്നും ലീഗിന് കരകയറാൻ സാധിക്കുമെന്നും പ്രവർത്തക സമിതി വിലയിരുത്തി. എല്ലാ വിഷയങ്ങളിലും കോൺഗ്രസിന് കൃത്യമായ നിലപാടുകളില്ലാതെ സംഭ്രമിച്ചു നിൽക്കുന്ന അവസ്ഥയാണെന്നും ലീഗ് കുറ്റപ്പെടുത്തി.
അതേസമയം മുസ്ലിം ലീഗ് ഉന്നയിച്ച വിമർശനം സദുദ്ദേശപരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നതുകൊണ്ടാണ് വിമർശനം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.