വണ്ടൂര്‍ > മോഷണ കേസില്‍ ജാമ്യത്തിലിറങ്ങി പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ തമിഴ്നാട് മധുരയില്‍ വെച്ച് പൊലീസ് പിടികൂടി. കൊല്ലം സ്വദേശിയായ കോല്ക്കാരന് നജിമുദ്ധീന്‍ എന്ന സഞ്ജയ് ഖാനെ (36)യാണ് പാണ്ടിക്കാട് പൊലീസ് സാഹസികമായി പിടികൂടിയത്. 2011 മെയ് മാസത്തില്‍ പാണ്ടിക്കാട് കൊളപ്പറമ്പില്‍ വീടിന്റെ അടുക്കള വാതില്‍ കുത്തി തുറന്നു സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും സമീപത്തുള്ള മറ്റൊരു വീട്ടില്‍ നിര്‍ത്തിയിട്ടിരുന്നു ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസില്‍ പൊലീസിന്റെ പിടിയിലാകുകയും തുടര്‍ന്ന് ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയുമായിരുന്നു.
സഞ്ജയ് ഖാന് ജാമ്യക്കാരനായി നിന്നയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ മധുരയിലെത്തിച്ചത്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വര്‍ഷത്തോളമായി സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കെതിരെ ജില്ലയുടെ വിവിധ സ്റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുണ്ട്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.