വൈക്കം: പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. കോട്ടയത്ത് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടിലെത്തിച്ചത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലെത്തിച്ചു. ഇവിടെയാവും മൃതദേഹം സംസ്കരിക്കുക.
നിഥിന മരിച്ചത് രക്തം വാർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു.
കോവിഡിനിടയിലും വൻ ജനാവലി തന്നെയാണ് നിഥിന മോളെ ഒരുനോക്ക് കാണാനായി തുറവേലിക്കുന്നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. പ്രിയങ്കരിയും മിടുമിടുക്കിയുമായ നിഥിന ഇനിയില്ലെന്ന സത്യം വിശ്വസിക്കാൻ നാട്ടുകാർക്കും ബന്ധുക്കൾക്കുമാവുന്നില്ല. കണ്ണീരടക്കാനാവാതെ നിലവിളിച്ചുകൊണ്ടാണ് അവർ പ്രിയപ്പെട്ട മകളുടെ മൃതദേഹത്തിന് അന്തിമോപചാരമർപ്പിച്ചത്.
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വിഎൻ വാസവനും സി.കെ ആശ എംഎൽഎയും നിഥിനയുടെ വീട് സന്ദർശിച്ചു.
രണ്ട് വർഷമായുള്ള പ്രണയബന്ധത്തിൽ നിന്ന് അകന്നുപോയതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് നിഥിനയെ ആക്രമിച്ചതെന്നാണ് പ്രതിയായ അഭിഷേക് പോലീസിന് മൊഴി നൽകിയത്. മുൻകൂട്ടി തീരുമാനിച്ചതല്ല കൊലപാതകമെന്ന് അഭിഷേക് മൊഴി നൽകിയെങ്കിലും പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ കടയിൽ നിന്ന് വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിഥിനയുടേയും അമ്മയുടേയും ഫോണിലേക്ക് അഭിഷേക് നിരന്തരം അസഭ്യസന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.
രോഗാതുരയായ അമ്മ ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്നു ഫുഡ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയ മകൾ നിഥിന. നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാമെന്ന മോഹങ്ങൾ കൂടിയാണ് അഭിഷേക് അറുത്തുമാറ്റിയത്. കോഴ്സ് പൂർത്തിയാക്കി പരീക്ഷയ്ക്ക് കോളേജിൽ എത്തിയപ്പോഴായിരുന്നു നിഥിനയെ അഭിഷേക് ആക്രമിച്ചത്.