തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ലോകയുക്ത റിപ്പോർട്ടിൽ ഇടപെടാൻ വിസ്സമ്മതിച്ച സുപ്രീംകോടതി വിധി തനിക്കേറ്റ തിരിച്ചടിയല്ലെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ലോകായുക്ത ഉത്തരവ് നടപ്പായി കഴിഞ്ഞതിനാലാണ് സുപ്രീംകോടതിയുടെ പരാമർശമെന്നും ജലീൽ പറഞ്ഞു.
അപേക്ഷ ക്ഷണിക്കാതെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജറായി ജലീലിന്റെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചെന്നാരോപിച്ചാണ് ജലീൽ സുപ്രീംകോടതിയെ സമീപിച്ചത്. ലോകായുക്ത നടപടിയെ സുപ്രീംകോടതിയും ശരിവെച്ചതോടെ ജലീൽ ഹർജി പിൻവലിച്ചു.
ലോകയുക്ത വിധി ഹൈക്കോടതി വിധിവരുന്നതിന് മുമ്പേ നടപ്പിലാക്കി കഴിഞ്ഞു. ആ സർക്കാരിന്റെ കാലവധി കഴിഞ്ഞു. പിന്നെ എങ്ങനെയാണ് സുപ്രീംകോടതി വിധി എനിക്ക് തിരിച്ചടിയാകുകയെന്ന് ജലീൽ ചോദിച്ചു.
എന്റെ രാജിയോടുകൂടി ലോകായുക്ത വിധിയുടെ പ്രസക്തി അവസാനിച്ചു. എന്നെ കേൾക്കാതെയാണ് വിധി പറഞ്ഞത് എന്ന പ്രയാസമാണ് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുന്നതിന് തനിക്ക് പ്രചോദനമായതെന്നും ജലീൽ പറഞ്ഞു. നിയമനടപടികൾ ഇതോടുകൂടി അവസാനിച്ചെന്നും ജലീൽ കൂട്ടിച്ചേർത്തു.