പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥിഅഭിഷേക് സഹപാഠി നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്പി ഡി. ശിൽപ. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്തതിന് ശേഷം ആക്രമണത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും എസ്.പി പറഞ്ഞു.
കൊല്ലപ്പെട്ട പെൺകുട്ടിയുമായി പ്രതിക്ക് അടുപ്പമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൊലപാതകം നടക്കുമ്പോൾ സമീപമുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണെന്നും എസ്പി പറഞ്ഞു.
രാവിലെ കാമ്പസിനുള്ളിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. യുവാവ് പെൺകുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടു. ഇതോടെ ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചത്. ചോര ചീറ്റുന്നത് മാത്രമാണ് പിന്നീട് കണ്ടതെന്നും കോളേജിലെ സുരക്ഷാ ജീവനക്കാരനായ ജോസ് പറഞ്ഞു.
സംഭവമറിഞ്ഞ് എല്ലാവരും ഓടിക്കൂടി. ഗുരുതരമായി പരിക്കേറ്റെങ്കിലും പെൺകുട്ടിക്ക് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരിച്ചതെന്നും ജോസ് പറഞ്ഞു.
വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ നിഥിനയെ അഭിഷേക് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഫുഡ് ടെക്നോളജി വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവസമയം ക്യാമ്പസിലുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
content highlights:nidhina murder, pala st thomas college murder case