കൊച്ചി > മുതിർന്ന പൗരന്മാർക്ക് ആശ്വാസമേകാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ മാതൃകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രൊഫ. കെ വി തോമസ് പറഞ്ഞു. ‘കേരള സർക്കാർ വയോജന ആശ്വാസ പദ്ധതികൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. 60 വയസ്സു കഴിഞ്ഞ നിരാലംബർക്ക് 1600 രൂപയുടെ പെൻഷൻ, ആരോഗ്യ പരിപാലന പദ്ധതികളും ആരോഗ്യ സംരക്ഷണത്തിനുള്ള മൊബൈൽ ക്ലിനിക്കുകളും, സൗജന്യ ചികിത്സ ആവശ്യമെങ്കിൽ വാതിൽപ്പടി സേവനം ഇവയെല്ലാം കേരളത്തിന്റെ വയോജന ആശ്വാസപദ്ധതിയിൽപ്പെടുന്നു. വയോജനങ്ങൾക്ക് തങ്ങളുടെ ബുദ്ധിമുട്ടുകളും പരാതികളും അറിയിക്കാനും പരിഹരിക്കാനും വയോജന ഹെൽപ്ലൈൻ സൗകര്യവും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതും ആശ്വാസകരമാണ്’.
ലോക വയോജനദിനത്തിൽ മുതിർന്ന പൗരന്മാർക്കുള്ള ആശംസാ സന്ദേശത്തിലാണ് പ്രൊഫ. കെ വി തോമസ് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചത്. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ക്യൂബയുടെ നേട്ടത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. ‘വയോജനങ്ങളുടെ സംരക്ഷണം, സമാധാനപൂർണമായ ജീവിതം ആരോഗ്യപരിപാലനം ഇതെല്ലാം ഒരു അവകാശമായി നൽകണമെന്ന് 2002ൽ സ്പെയ്നിലെ മാഡ്രിഡിൽ ലോകാരോഗ്യ സംഘടനയുടെ സമ്മേളനം പാസാക്കിയെടുത്തു. തുടർന്ന് ഐക്യരാഷ്ട്രസഭയും ഇതൊരു നയമായി അംഗീകരിച്ചു. പ്രായമുള്ളവരെ സംരക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന തന്നെ മുൻകൈയെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ അഭിനന്ദനീയമായ നേട്ടം കൈവരിച്ചത് കമ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയാണ്.’- അദ്ദേഹം പറഞ്ഞു.
പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കരുതെന്ന് നാട്ടിൻപുറത്തുകാർ പറയാറുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസ്താവന ആരംഭിക്കുന്നത്. കോൺഗ്രസിലെ തലമുറമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ വരികൾ എന്നതും ശ്രദ്ധേയമാണ്.