മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി മുന്നില്‍ നിന്ന് പോരാട്ടം നയിച്ചത് മറ്റാരുമല്ല. വിശ്വസ്തയായ ഓപ്പണര്‍ സ്മ്യതി മന്ദാന തന്നെയാണ്. വെള്ളക്കുപ്പായത്തില്‍ ആദ്യമായി മൂന്നക്കം കടന്നപ്പോള്‍ ചരിത്രത്തിനൊപ്പം ഒരു പിടി റെക്കോര്‍ഡുകളുമായാണ് ഇടം കൈയന്‍ ബാറ്റര്‍ കളം വിട്ടത്. അതും ഗ്യാലറിയുടെ ആദരവോടെ.
ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സ്മ്യതി. ഒപ്പം രാത്രി-പകല്‍ ടെസ്റ്റില്‍ മൂന്നക്കം ആദ്യമായി ഇന്ത്യക്കായി കുറിക്കാനും ഇരുപത്തിയഞ്ചുകാരിക്കായി. തീരുന്നില്ല നേട്ടങ്ങള്‍, 127 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അവരുടെ തട്ടകത്തില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന സ്കോറും സ്വന്തം.
സെഞ്ചുറി നേട്ടത്തിന് പിന്നാലെ സ്മ്യതിക്ക് അഭിനന്ദനവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറെത്തി. ഗോഡസ് ഓഫ് ഓഫ് സെഡ് എന്നായിരുന്നു ജാഫര്‍ സ്മ്യതിയെ വിശേഷിപ്പിച്ചത്. “കന്നി ടെസ്റ്റ് സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍. മികച്ച പ്രകടനം. ഇനിയും ഒരുപാട് നേടാനുണ്ട്,” ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
216 പന്തുകളില്‍ നിന്നാണ് സ്മ്യതി 127 റണ്‍സ് നേടിയത്. 22 ബൗണ്ടറികളും ഒരു സിക്സുമടങ്ങിയ ക്ലാസിക് ഇന്നിങ്സ്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചായിരുന്നും സ്മ്യതി മുന്നേറിയത്. 15-ാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യന്‍ സ്കോര്‍ എഴുപതില്‍ എത്തിയപ്പോള്‍ തന്നെ സ്മ്യതി അര്‍ദ്ധ സെഞ്ചുറി പിന്നിട്ടിരുന്നു. 51 പന്തിലായിരുന്നു നേട്ടം. പിന്നീട് കൂടുതല്‍ കരുതലോടെയായിരുന്നു താരം ബാറ്റ് വീശിയത്.
Also Read: ഇതിനി തുടരാനാവില്ല; ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍
The post ആദ്യ ടെസ്റ്റ് സെഞ്ചുറി; കൈ നിറയെ റെക്കോര്‍ഡുമായി സ്മ്യതി മന്ദാന appeared first on Indian Express Malayalam.