കൊല്ലം> കോഴിമാലിന്യ പ്ലാന്റിനെതിരെ സമരംചെയ്ത് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പണം കൈപ്പറ്റിയെന്ന പരാതിയുമായി കെഎസ്യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ. സമൂഹമാധ്യമങ്ങളിലുടെ ആദർശ് ഭാർഗവനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടവും വ്യക്തിഹത്യ നടത്തുന്നതായി ആരോപിച്ച് എം എം നസീറും കെപിസിസിക്ക് പരാതി നൽകി.
ഇതേത്തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിർദേശപ്രകാരം ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു വ്യാഴാഴ്ച ഇരുകൂട്ടരിൽനിന്നും മൊഴിയെടുത്തു. റിപ്പോർട്ട് രണ്ടു ദിവസത്തിനകം കെപിസിസി പ്രസിഡന്റിനു കൈമാറും.
ചടയമംഗലം നിയോജകമണ്ഡലത്തിലെ വെളിനല്ലൂർ മുളയറച്ചാലിൽ ഒരു മാസമായി കോഴിമാലിന്യം സംസ്കരിക്കുന്ന പ്ലാന്റിന്റെ നിർമാണം നടന്നുവരുന്നു. പഞ്ചായത്തിലെ യുഡിഎഫ് പ്രതിനിധികൾ ഉൾപ്പെടെ 17 അംഗങ്ങളും പ്ലാന്റിന് അനുമതി നൽകുന്നതിനെ പിന്തുണച്ചു. നിർമാണം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറിന്റെ നേതൃത്വത്തിൽ പ്ലാന്റിനെതിരെ സമരം ആരംഭിച്ചു.
സമരം ഒത്തുതീർപ്പാക്കാൻ പ്ലാന്റ് ഉടമകളുമായി കഴിഞ്ഞ ആറിനു രാത്രി ഒമ്പതിന് തിരുവനന്തപുരത്ത് രഹസ്യചർച്ച നടത്തിയെന്ന് ആദർശ് പരാതിയിൽ പറയുന്നു. സമരത്തിൽനിന്നു പിന്മാറാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെന്നും ബാക്കി തുക ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ധാരണയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്ലാന്റുടമകൾ ബാക്കി പണം നൽകിയില്ല. ഇതോടെ നസീറിന്റെ നേതൃത്വത്തിൽ സമരം പുനരാരംഭിക്കുകയായിരുന്നു. വിവാദം കത്തുന്നതിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്യു സംഘം വയനാട്ടിൽ പോയി സമാനമായ പ്ലാന്റിന്റെ പ്രവർത്തനം വിലയിരുത്തി മുളയറച്ചാലിലെ പ്ലാന്റിന് അനുകൂലമായി ഫെയ്സ് ബുക്ക് ലൈവ് ഇട്ടു. ഇതോടെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ചർച്ചയായി.
സമരത്തെ ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രവഹിക്കുകയാണ്. സമരത്തിന് ജില്ലയിലെ വേസ്റ്റ് മാഫിയ പണം മുടക്കുന്നതായും ആരോപണമുയർന്നു. കൊട്ടാരക്കരയിൽ പരാതിക്കാരെ കൂടാതെ വെളിനല്ലൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം പ്രസിഡന്റുമാർ, ബൂത്ത് പ്രസിഡന്റുമാർ എന്നിവരിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്.