കോഴിക്കോട് > ചാനൽ ചർച്ചയിൽ താലിബാൻ അനുകൂല പരാമർശം നടത്തിയതിന് “മാധ്യമം’ പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ഹസനുൽ ബന്നയ്ക്ക് സസ്പെൻഷൻ. ഏഴ് ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന്റെ നിലപാടുകള്ക്ക് വിരുദ്ധമായി പൊതുഇടങ്ങളില് അഭിപ്രായ പ്രകടനം നടത്തുകയും സ്ഥാപനത്തിന്റെ സോഷ്യല് മീഡിയ പോളിസി ലംഘിക്കുകയും ചെയ്തതിന്റെ പേരിലാണ് സസ്പെന്ഷന്.
കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ താലിബാന് വിഷയത്തില് “മാധ്യമ’ ത്തെ പ്രതിനിധീകരിച്ച് ഹസനുല് ബന്ന പങ്കെടുത്തതും ചര്ച്ചയില് നടത്തിയ പരാമര്ശങ്ങളും വിവാദമായിരുന്നു. താലിബാൻ അനുകൂല വാർത്തകളുടെ പേരിൽ മാധ്യമം ഏറെ വിമർശനങ്ങൾക്ക് നടുവിലായിരുന്നു. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചതിന് പിന്നാലെ “അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ’, പഴയ “വിസ്മയംപോലെ താലിബാൻപട’ തലക്കെട്ടുകൾ മാധ്യമത്തിൽ വന്നത് സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചാവിഷയമാണ്. ഈ സാഹചര്യത്തിൽ താലിബാൻ അനുകൂല നിലപാട് പരസ്യമായി സ്വീകരിക്കുന്നതിലെ അപകടം മനസ്സിലാക്കിയാണ് സ്ഥാപനത്തിന്റെ നടപടിയെന്നാണ് സൂചന.
ഹിന്ദു പത്രത്തിന്റെ ഇന്റര്നാഷണല് അഫയേഴ്സ് എഡിറ്റര് സ്റ്റാന്ലി ജോണി, എഴുത്തുകാരന് ഷാജഹാന് മാടമ്പാട്ട്, വിദേശ കാര്യ വിദഗ്ദന് അഷ്റഫ് കടയ്ക്കല് എന്നിവര്ക്കൊപ്പമാണ് ബന്ന ചര്ച്ചയില് പങ്കെടുത്തത്. ചര്ച്ചയില് ഹസനുൽ ബന്ന അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തെ ന്യായീകരിക്കാന് ശ്രമിക്കുകയായിരുന്നു. പുതിയതായി നിയമിതനായ എഡിറ്റർ വി എം ഇബ്രാഹിമിന്റെ സഹോദരൻ കൂടിയാണ് ഹസനുൽ ബന്ന.
ചർച്ചയ്ക്ക് പിന്നാലെ ജമാഅത്തെ ഇസ്ലാമി അനുഭാവികളില് നിന്നടക്കം ഹസനുല് ബന്നയ്ക്ക് നേരെ വിമര്ശനങ്ങള് ഉയര്ന്നിരുന്ന. വ്യക്തതയില്ലാത്ത അഭിപ്രായ പ്രകടനങ്ങള് നടത്തി ഹസനുല് ബന്ന മാധ്യമത്തിന് നാണക്കേടുണ്ടാക്കിയെന്നും വിമര്ശനങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും അദ്ദേഹം നടത്തിവന്ന ഇടപെടലുകളില് നേരത്തെ തന്നെ മാധ്യമത്തില് നിന്നും ജമാഅത്തെ ഇസ്ലാമിയില് നിന്നും എതിര്പ്പുകള് ഉണ്ടായിരുന്നു.