ലണ്ടൻ
ചാമ്പ്യൻസ് ലീഗിലെ ചാമ്പ്യനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലീഗിലെ റെക്കോഡ് കളിക്കിറങ്ങിയ റൊണാൾഡോ പരിക്കുസമയത്തെ ഗോളിൽ മാഞ്ചസ്റ്റർ യുണെെറ്റഡിന് ജയമൊരുക്കി. പിന്നിട്ടുനിന്നശേഷം വിയ്യാറയലിനെ 2–1നാണ് യുണെെറ്റഡ് തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ 178–ാം കളിയായിരുന്നു. ഏറ്റവും കൂടുതൽ മത്സരങ്ങളിലിറങ്ങിയ കളിക്കാരനെന്ന നേട്ടം പേരിലാക്കി.
പാകോ അൽകാസെറിലൂടെ വിയ്യാറയലാണ് കളിയിൽ മുന്നിലെത്തിയത്. അലെക്സ് ടെല്ലെസിലൂടെ യുണെെറ്റഡ് തിരിച്ചടിച്ചു. 95–ാംമിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോളെത്തിയത്. ഓൾഡ് ട്രാഫോർഡിലായിരുന്നു മത്സരം. തുടർതോൽവികളുമായാണ് ഒലേ ഗുണ്ണാർ സോൾചെയറിന്റെ യുണെെറ്റഡ് എത്തിയത്. ലീഗ് കപ്പിൽ വെസ്റ്റ്ഹാമിനോട് തോറ്റ് പുറത്തായി. പിന്നാലെ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയോടും കീഴടങ്ങി. ചാമ്പ്യൻസ് ലീഗിലെ ആദ്യ കളിയിൽ യങ് ബോയ്സിനോടും തോറ്റിരുന്നു. ജയിച്ചെങ്കിലും വിയ്യാറയലിനെതിരെ ആശ്വസിക്കുന്ന പ്രകടനമായിരുന്നില്ല സോൾചെയറിന്റെ യുണൈറ്റഡിന്റേത്.
റൊണാൾഡോയും പോൾ പോഗ്ബയും ബ്രൂണോ ഫെർണാണ്ടസും ഉൾപ്പെടെ പ്രമുഖർ ഇറങ്ങിയിട്ടും കളിയിൽ യുണൈറ്റഡിന് മുൻതൂക്കമുണ്ടായില്ല. മധ്യനിരയിലും മുന്നേറ്റത്തിലും കണ്ണികളുണ്ടായില്ല. മറുവശം വിയ്യാറയലാകട്ടെ ടീമായി കളിച്ചു. സംഘടിതമായ ആക്രമണത്തോടെ അവർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡെഗെയയെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. അർണൗത് ദാനുമയുടെയും യെറെമി പിനോയുടെയും ഷോട്ടുകൾ ഡെഗെയ രക്ഷപ്പെടുത്തി. ഇടവേള കഴിഞ്ഞെത്തിയയുടനെയായിരുന്നു വിയ്യാറയലിന്റെ ഗോൾ. ക്ലോസ് റേഞ്ചിലൂടെ അലകാസെർ ലക്ഷ്യത്തിൽ പന്തെത്തിച്ചു. വൈകിച്ചില്ല യുണൈറ്റഡ്. ബ്രസീലുകാരൻ ടെല്ലെസ് 18 മീറ്ററകലെനിന്ന് വിയ്യാറയൽ വലകണ്ടു.
മത്സരം സമനിലയിലേക്ക് നീങ്ങവേയാണ് റൊണാൾഡോയുടെ വിജയഗോൾ പിറന്നത്.
മറ്റ് കളികളിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയെ യുവന്റസ് വീഴ്ത്തി (1–0). ഫെഡറികോ കിയേസയാണ് വിജയഗോൾ കുറിച്ചത്. ബയേൺ മ്യൂണിക്ക് ഡെെനാമോ കീവിനെ അഞ്ച് ഗോളിന് തകർത്തു. റോബർട്ട് ലെവൻഡോവ്സ്കി രണ്ടടിച്ചു. സെർജി നാബ്രി, ലിറോയ് സാനെ, എറിക് മാക്സിം ചൗപോ മൊടിങ് എന്നിവരും ലക്ഷ്യം കണ്ടു.