ലിസ്ബൺ
ബാഴ്സലോണ കളി മറന്നു. യൂറോപ്യൻ കളങ്ങളിൽ എതിരില്ലാതെ കുതിച്ച കറ്റാലൻമാർ വിജയവഴി കാണാതെ വിയർക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാംതോൽവിയും ഏറ്റുവാങ്ങി. പോർച്ചുഗൽ ക്ലബ് ബെൻഫിക്കയോടും മൂന്ന് ഗോളിനായിരുന്നു തോൽവി. രണ്ടാംതോൽവിയോടെ ഗ്രൂപ്പുഘട്ടം കടക്കാനുള്ള സാധ്യതകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഗ്രൂപ്പ് ഇയിൽ ആറ് ഗോൾ വഴങ്ങി അവസാനസ്ഥാനത്താണ് ബാഴ്സ.
ബയേൺ മ്യൂണിക്കിനോട് സ്വന്തം തട്ടകത്തിൽ മൂന്ന് ഗോളിന് തോറ്റ ബാഴ്സ തിരിച്ചുവരവിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. ഒരു ഗോൾപോലും അടിക്കാതെ, ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിക്കാൻ കഴിയാതെയാണ് ബാഴ്സ വിളറുന്നത്. പരിശീലകൻ റൊണാൾഡ് കൂമാന്റെ നാളുകൾ എണ്ണപ്പെട്ടു. പുറത്താക്കിയാൽ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നതിനാലാണ് തീരുമാനം വെെകുന്നത്. മുൻ പരിശീലകരായ ഏണസ്റ്റേ വാൽവെർദെയ്ക്കും കി-ക്വെ സെതിയനും നൽകാനുള്ള തുക തീർന്നിട്ടില്ല.
സ്പാനിഷ് ലീഗിൽ ലെവന്റെയ്ക്കെതിരെ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ബെൻഫിക്കയുടെ തട്ടകത്തിൽ എത്തിയ ബാഴ്സയ്ക്ക് കാര്യങ്ങൾ മനസ്സിലാകുംമുമ്പ് വലയിൽ പന്ത് വീണു. ഡാർവിൻ ന്യൂനെസ് ബെൻഫിക്കയ്ക്കായി ലക്ഷ്യം കണ്ടു. രണ്ടാംപകുതിയിൽ പെനൽറ്റിയിലൂടെ ന്യൂനെസ് നേട്ടം രണ്ടാക്കി. ഒരുഗോൾ റാഫ സിൽവയും നേടി.
ബാഴ്സ പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്. എറിക് ഗാർഷ്യ രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തായി. മുൻകാല ടീമുകളുമായി ഈ സംഘത്തെ താരതമ്യപ്പെടുത്തരുതെന്നായിരുന്നു കൂമാന്റെ പ്രതികരണം. അതേസമയം, ടീമിലെ മുതിർന്ന കളിക്കാരുമായി കൂമാൻ അകൽച്ചയിലാണെന്നാണ് സൂചന. ബെൻഫിക്കയുമായുള്ള കളിയുടെ 35–ാംമിനിറ്റിൽ ജെറാർഡ് പിക്വെയെ കൂമാൻ പിൻവലിച്ചിരുന്നു.