വെല്ലിങ്ടൺ
ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതും കുറ്റകരമാക്കുന്ന നിയമം പാസാക്കി ന്യൂസിലൻഡ്. മാസങ്ങളായി പരിഗണനയിലായിരുന്ന ബിൽ പാസാക്കാനുള്ള നടപടി മാസാദ്യം ഓക്ലൻഡ് സൂപ്പർമാർക്കറ്റിലുണ്ടായ ആക്രമണത്തെതുടർന്ന് വേഗത്തിലാക്കുകയായിരുന്നു. അഞ്ചുപേരെ കുത്തിപ്പരിക്കേൽപ്പിച്ച ഐഎസ് ബന്ധമുണ്ടായിരുന്ന അക്രമി അഹമ്മദ് ആദിൽ ഷംസുദ്ദീനെ പൊലീസ് വെടിവച്ച് കൊന്നിരുന്നു.
ജയിൽശിക്ഷയ്ക്കുശേഷം ജൂലൈയിൽ പുറത്തിറങ്ങിയ പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കെയാണ് ആക്രമണം നടത്തിയത്. ഒരു വർഷംമുമ്പ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന തരം കത്തി വാങ്ങിയ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ആക്രമണത്തിനാണ് കത്തി വാങ്ങിയതെന്ന വാദം തള്ളിയ ജഡ്ജി ഇയാളെ വിട്ടയച്ചു. ആക്രമണത്തിന് പദ്ധതിയിടുന്നത് കുറ്റകരമാക്കാൻ രാജ്യത്ത് നിയമമില്ലെന്നു പറഞ്ഞ ജഡ്ജി, ഈ പഴുതുപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ നിയമം.