ചേർത്തല: മോൺസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും. പോർഷെ ബോക്സ്റ്റർ കാർ ഒരു വർഷമായി ചേർത്തല പോലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടർന്നാണ് കാർ പോലീസ് പിടിച്ചെടുത്തത്. മോൺസൺ മാവുങ്കൽ വാഹനത്തിന്റെ രേഖകൾ ഹാജരാക്കിയില്ലെന്നും പോലീസ് വ്യക്തമാക്കി.
ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടർന്ന് ഇരുപയോളം കാറുകളാണ് മോൺസണിന്റെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തത്. അതിൽ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്ട്രേഷനിൽ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്ട്രേഷൻ ഇത് വരെ മാറ്റാത്തത് സംബന്ധിച്ചും വാഹനം മോൺസണിന്റെ പക്കൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും വ്യക്തതയില്ല. 2007ൽ മുംബൈയിൽ രജിസ്റ്റർ ചെയ്തതാണ് വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്ട്രേഷനുള്ളത്.
തട്ടിപ്പ് കേസിൽ പിടിയിലായ മോൺസൺ മാവുങ്കലിന് എത്ര വാഹനങ്ങളുണ്ടെന്ന കാര്യത്തിലും പോലീസിന് വ്യക്തയയില്ല. വീട്ടിലും ചേർത്തല പോലീസ് സ്റ്റേഷനിലും കലൂരിലുമടക്കം കിടക്കുന്ന വാഹനങ്ങൾ എല്ലാം തന്നെ പല സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. ഇവയുടെ ഒന്നും കൃത്യമായ രേഖകളില്ലെന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പോർഷെ ബോക്സ്റ്റർ കാറിന്റെ രജിസ്ട്രേഷൻ കരീനയുടെ പേരിൽ നിന്ന് മറ്റാരുടേയും പേരിലേക്ക് മാറ്റിയിട്ടില്ലെന്നതാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
Content Highlights:Car Registered in Kareena Kapoors Name Found in Possession of Monson Mavunkal