പുരാവസ്തുവായി അവകാശപ്പെടുന്ന
രാജസിംഹാസനത്തിൽ മോൻസൺ മാവുങ്കൽ
പോയ കാലത്തിന്റെ അടയാളം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവരാണു മലയാളികൾ. ലോകത്തിനു മുന്നിൽ ഭൂതകാലത്തിന്റെ അസാധാരണമായ ഒരംശമെങ്കിലും പ്രദർശിപ്പിക്കാനായാൽ അതിൽ ആത്മരതി അടയുന്നവർ. സ്വാഭാവികമായും നഷ്ടപ്പെട്ടു പോയ ഒരു കാലത്തിന്റെ പൊങ്ങച്ചം തിരിച്ചു പിടിക്കാനായി ഏതറ്റം വരെയും പോവാൻ നമ്മൾ തയ്യാറാണെന്ന് മോൺസൺ മാവുങ്കൽ കാണിച്ചു തരുന്നു.
സാക്ഷരതയിൽ മുന്നിൽ. ഏത് കേസിനും തുമ്പുണ്ടാക്കാനും തെളിയിക്കാനും കഴിവുള്ള പോലീസ് സേന. രാഷ്ട്രീയജാഗ്രതയിൽ സമർഥർ. ബുദ്ധിമാന്മാർ എന്നഹങ്കരിക്കുന്ന അതേ മലയാളി തന്നെയാവും ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തുന്നതും തട്ടിപ്പിൽ പെടുന്നതും. പിടിക്കപ്പെടുമ്പോൾ ആഘോഷത്തിന്റെ ഉന്മാദവും ആസ്വദിക്കുന്നവർ.
വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമാണോ അതോ ലോകപരിചയം കൂടിയതിന്റെയോ. ആർക്കും എപ്പോഴും പറ്റിക്കാവുന്നവരായി മലയാളി മാറുകയാണോ. ഓഫർ എന്ന ബോർഡ് തൂക്കിയാൽ കടയിൽ ഇടിച്ചുകയറും. ഗുണമേന്മ നോട്ടമില്ല. ഓഫറാണ് മുഖ്യം. സാങ്കൽപിക ലോകത്ത് ഉല്ലസിക്കുന്ന മലയാളിയുടെ അടയാളങ്ങളാവാം ഇത്. അമൂല്യനിധി എന്ന് കേട്ടാൽ വാങ്ങാൻ ക്യൂവിലാണ്.
റൈസ് പുള്ളറാണെങ്കിൽ പവറിൽ വിശ്വാസമാണ്. നാഗമാണിക്യം എന്ന് കേട്ടാൽ ചാടിപ്പുറപ്പെടും. മണി ചെയിനിൽ കയറിപ്പറ്റിയില്ലെങ്കിൽ ഉറക്കമില്ല. ചിട്ടിത്തട്ടിപ്പിനാകട്ടെ ഒഴിവില്ല. അപരിചിതൻ വിളിച്ചാൽ പരിചയക്കാരെക്കാൾ കൂടുതൽ സംസാരിക്കും. ചോദിച്ചാൽ ഒരു മടിയുമില്ലാതെ പിൻ നമ്പർ മാത്രമല്ല, ഗൂഗിൾ പേ തന്നെ ചെയ്തുകൊടുക്കും. ഒരു ലക്ഷം സമ്മാനം അടിച്ചെന്ന് ഫോൺ വന്നാൽ കൈപ്പറ്റാനുള്ള ഫീസായി വേണേൽ ഒരുലക്ഷം അങ്ങോട്ടും അയക്കും. ഊന്നു വടി കാട്ടി മോശയുടെ വടിയാണെന്ന് പറഞ്ഞാൽ പറഞ്ഞ വിലയ്ക്ക് വാങ്ങും. കൃഷ്ണന്റെ ഉറി കണ്ട് വിസ്മയിക്കും. മയിൽപ്പീലിത്തുണ്ട് പുസ്തകത്താളിൽ വച്ചാൽ അത് പെറ്റു പെരുകുമെന്ന നിലവാരത്തിൽനിന്ന് ഒരിഞ്ച് മുന്നേറിയിട്ടില്ല.
പൊളിവചനവും തരികിട നമ്പറുകളുമായി ഒരാൾ പറ്റിക്കാനിറങ്ങി പുറപ്പെട്ടപ്പോൾ അമ്പ് കൊള്ളാത്ത വി.ഐ.പികളില്ല എന്ന നിലയിലാണ് കാര്യങ്ങൾ. കുറേ ആക്രിസാധനങ്ങൾ വാങ്ങി ചരിത്രവും വിശ്വാസവും മേമ്പൊടി ചേർത്ത് തിരക്കഥ മെനഞ്ഞ് വിരാജിച്ചപ്പോൾ സൗഹൃദവും ആതിഥ്യവും പറ്റാൻ പൗരപ്രമുഖർ മത്സരിച്ചു. കോസ്മറ്റിക് ചികിത്സ തേടിയ രാഷ്ട്രീയ നേതാക്കളും ഗേറ്റ് കടന്നെത്തി.
കബളിക്കപ്പെട്ടവന്റെ പൈസ വാങ്ങിയെടുക്കാൻ മധ്യസ്ഥം പറയാൻ വന്നവന്റെ കാശും അടിച്ചുമാറ്റി എന്ന് കേൾക്കുമ്പോൾ മൂക്കത്ത് വിരൽവെക്കാനേ കഴിയൂ. എന്താണ് പുരാവസ്തുവും ആക്രിയും തമ്മിലുള്ള വ്യത്യാസം എന്ന് തിരിച്ചറിയാനുള്ള, അല്ലെങ്കിൽ അതിന് ശ്രമിക്കാത്ത മലയാളിയുടെ മണ്ടത്തരമാണ് മോൺസൺ മാവുങ്കലിന്റെ വളർച്ച.
പറ്റിച്ചവനാണോ പറ്റിക്കപ്പെടാൻ നിന്നുകൊടുത്തവനാണോ ശിക്ഷ വേണ്ടതെന്നും ആലോചിക്കേണ്ടതാണ്. പുരാവസ്തുവിന്റെ(വ്യാജ) ബ്രാൻഡ് അംബാസഡറായി മാവുങ്കൽ വിലസിയെങ്കിൽ അത് പുകമറയാകാം. അതിന്റെ പിന്നാമ്പുറത്ത് അതിലും വലിയ തട്ടിപ്പും അതിനപ്പുറമുള്ള ഇടപാടുകളും നടന്നിട്ടുണ്ടാവാം. മോതിരവും മാലയും ശിൽപവും പേനയും ഊന്നുവടിയും എന്നുവേണ്ട മാവുങ്കന്റെ സമ്മാനം വാങ്ങിയവർ എത്രയുണ്ടാവും. സൗജന്യമായിട്ടും അല്ലാതെയും.
ആദ്യം സ്നേഹസമ്മാനമായിരുന്നെങ്കിൽ പിന്നീട് എത്ര ആക്രി സാധനങ്ങൾ പണം മുടക്കി വാങ്ങി വീട്ടിൽ കാഴ്ചവസ്തുവാക്കി വെച്ചവരുണ്ടാവാം. ഇതും കടന്ന് വിദേശത്തേക്ക് പോലും ഇത് കയറ്റിയക്കുന്ന ചങ്ങലയുണ്ടോ? അതിന് വി.ഐ.പികളിൽ എത്ര പേർ പങ്കാളികളാണ്? അതും കൂടി അറിഞ്ഞാലേ മാവുങ്കൽ പറ്റിച്ച കഥയാണോ മാവുങ്കലിനെ വെച്ച് കളിച്ചവരും അയാളെയും പറ്റിച്ചവരുമുണ്ടോ എന്ന് അറിയാൻ കഴിയൂ
മോൺസൻസ് ഹൗസിൽ വി.ഐ.പികൾക്കൊപ്പം ഒരു ചിത്രം, ഒരു സമ്മാനം ഫ്രീ. ഇതായിരിക്കാം എൻട്രി ലെവൽ ഓഫർ. പലരും മത്സരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. തോളിലെ നക്ഷത്രത്തെക്കാളുള്ള അധികാരമാണ് ടിപ്പുവിന്റെയും മഹരാജാവിന്റെ ഇരിപ്പിടത്തിൽ ഇരുന്നപ്പോൾ ചില ഏമാന്മാർക്ക് തോന്നിയത്.
മോൻസൺ മാവുങ്കൽ താമസിച്ചിരുന്ന എറണാകുളം കലൂരിലെ വീട്: ഫോട്ടോ: ബി.മുരളീകൃഷ്ണൻ, മാതൃഭൂമി
ഫെമ കേസിന്റെ പേരിലും വായ്പ സംഘടിപ്പിച്ച് തരാമെന്ന വാഗ്ദാനത്തിലും പറ്റിച്ചവരുടെ പട്ടികയെ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ. ആക്രി സാധനം വൻ വില നൽകി വാങ്ങി വീട്ടിൽവച്ച് പൊങ്ങച്ചം കാട്ടി അക്കിടി പറ്റിയവർ എത്ര ഉണ്ടാവും. മാനക്കേട് ഭയന്ന് അവർ ആരും പുറത്തുപറയാൻ തരമില്ല. അവർക്ക് പുച്ഛവും നാണക്കേട് മാത്രമാകും മിച്ചം.
പുരാവസ്തുവിന്റെ ഗണത്തിൽ വരണമെങ്കിൽ എത്ര പഴക്കമുണ്ടാവണമെന്നും താളിയോലകൾ ഒർജിനലോ ഡൂപ്ലിക്കേറ്റോ എന്ന് പോലും നോക്കതെ വിശ്വാസത്തിന്റെ സർവ്വജ്ഞപീഠം കയറിയവരൊക്കെ എന്തായി. ആരായി. പ്രത്യേകിച്ച് ഒരു ആസ്തിയുമില്ലാത്ത ഒരാൾ കോടികൾ മറിച്ചും തിരിച്ചും തട്ടിച്ചിട്ട് സോഴ്സ് അന്വേഷിക്കാൻ ഒരു ഇ.ഡിക്കും ശുഷ്കാന്തി ഉണ്ടായില്ല. തട്ടിപ്പുകാരന്റെ വീട്ടിൽ ബീറ്റ്ബോക്സ് സ്ഥാപിച്ച ആദ്യത്തെ പോലീസ് സേനയും കേരളത്തിന്റെയാവും.
സരിതയും ബിജും രാധാകൃഷ്ണനും ലക്ഷ്മി നായരും ഡോ ബി.ആർ. നായരുമായി നാടുനീളെ തട്ടിപ്പ് നടത്തി. അവരെ ചൂഷണം ചെയ്യാൻ രാഷ്ട്രീയക്കാരും മത്സരിച്ചു. ആ കഥകൾ ഉണ്ടാക്കിയ പ്രകമ്പനം പല വന്മരങ്ങളുടെ അടിവേരിളക്കുന്ന തലത്തിലെത്തി. സ്വർണക്കടത്തിലേക്ക് വന്നപ്പോൾ സ്വപ്നയായി താരം. വ്യാജ ഡിഗ്രിയും ഉയർന്ന പദവിയിൽ ജോലിയും അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനം ഉറപ്പിക്കാനും സർക്കാർ സംവിധാനത്തെ മറയാക്കി സ്വർണം കടത്താനും കഴിഞ്ഞു.
അതെല്ലാം വെറും കുട്ടിക്കളിയാണെന്നു വ്യക്തമാക്കുന്നതാണ് മോൺസൺ മാവുങ്കൽ എന്ന സ്വയം പ്രഖ്യാപിത തട്ടിപ്പുരാജാവിന്റെ കഥ. തിരുവനന്തപുരത്ത് തട്ടിപ്പ് നടത്തിയ പുരാവസ്തു കച്ചവടക്കാരനെ പറ്റിച്ചും അല്ലാതെയുമായി കുറേ സാധനങ്ങൾ വാങ്ങിക്കൂട്ടി. അതിൽനിന്ന് തുടങ്ങിയ തട്ടിപ്പ് പരമ്പരകൾ.
മെനഞ്ഞെടുത്ത കഥ. കേട്ടും കണ്ടും അമ്പരന്ന് പോയവർ. ഔന്നത്യം മാതൃകയാക്കണമെന്ന് പറഞ്ഞ് വീഡിയോ കണ്ട് മോൺസനാകാനെങ്കിലും കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചവർ. ആക്രിയിൽ മെനഞ്ഞെടുത്ത കെട്ടുകാഴ്ചയുടെ അണിയറക്കഥകളാണ് വരുന്നത്. സത്യത്തിൽ കോടികളുടെ പുരാവസ്തുക്കൾ ആക്രിയാണെന്ന് അറിഞ്ഞത് കുറേ നേരത്തെയായിപ്പോയി. അല്ലെങ്കിൽ പദ്മശ്രീക്ക് ശുപാർശ ചെയ്യാമായിരുന്നു. തട്ടിക്കാനും തട്ടിക്കപ്പെടാനും മലയാളി ഇനിയും ബാല്യമുണ്ട്. ഇനിയും എത്രയെത്ര മോൺസൺമാർ നമുക്കു മുന്നിലേക്കു വരാനുണ്ട്. ആർക്കറിയാം.താനൊരു നടൻ ആണെന്നാണ് മാവുങ്കൻ വെബ്സൈറ്റിൽ പറയുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ജയറാം പറയുന്ന ഡയലോഗ് ഓർക്കുക. നല്ല നടൻ ആരാണ്..