മാവേലിക്കര: കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടയാൾ അമ്മയെ കഴുത്തറത്ത് പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപം പോലീസും അഗ്നിശമനസേനയും നാട്ടുകാരുമുൾപ്പടെ വൻജനക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം. ഈരേഴ വടക്ക് നാമ്പോഴിൽ സുരേഷ്കുമാർ (52) ആണ് അമ്മ രുഗ്മിണിയമ്മ(81) യെ ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചത്.
രുഗ്മിണിയമ്മയ്ക്ക് തട്ടാരമ്പലത്തിലെ സ്വകാര്യആശുപത്രിയിൽ അടിയന്തിര ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. സുരേഷ്കുമാറിന്റെ കഴുത്തിലെ മുറിവ് സാരമുളളതല്ലെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടർന്ന് സുരേഷ് വീടിനോട് ചേർന്ന ഷെഡിലിരുന്ന തന്റെ സ്കൂട്ടറിനാണ് ആദ്യം തീയിട്ടത് .വീടിന്റെ ജനാലയിലൂടെ തീ വീടിനുളളിലേക്ക് പടർന്നു. വീടിനുളളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും കംപ്യൂട്ടറും കത്തിനശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ആർ. ജയദേവന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പിന്നാലെ പോലീസും സ്ഥലത്തെത്തി.
വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാൻ ആരും തയ്യാറായില്ല. പോലീസുകാർ ഇയാളെ അനുയിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും കത്തി ഉപയോഗിച്ച് രുഗ്മിണിയമ്മയുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തിൽ കത്തിവെച്ച് മുറിവുണ്ടാക്കി. ഫയർമാൻമാരായ ആർ.രാഹുൽ, എ.ഷമീർ എന്നിവർ ചേർന്ന് സുരേഷിനെ അനുനയിപ്പിച്ച് കീഴ്പ്പെടുത്തി.
രുഗ്മിണിയമ്മയെ പോലീസ് ജീപ്പിലും സുരേഷിനെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിലുമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രുഗ്മിണിയമ്മയുടെ കഴുത്തിൽ ആഴത്തിൽ മുറുവേറ്റിട്ടുണ്ട്. വീട്ടുവഴക്കിനെ തുടർന്ന് സുരേഷിന്റെ ഭാര്യ അർച്ചനയും മകൻ ശരത്ദേവും അർച്ചനയുടെ കുടുംബവീട്ടിലാണ് താമസം. മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പോലീസ് പറയുന്നു. മാവേലിക്കര പോലീസ് കേസെടുത്തു.
Content Highlights: Son cuts mothers throat and attempted suicide