കോഴിക്കോട് > കോൺഗ്രസിനെപ്പോലെ അച്ചടക്കവും സംസ്കാരവുമില്ലാത്ത പാർടി ലോകത്ത് മറ്റൊന്നുണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളെ തെറിവിളിക്കാനും സമൂഹമാധ്യമങ്ങളിൽ എഴുതാനും തയ്യാറാകുന്നവരെന്ത് കോൺഗ്രസുകാരാണ്. എ കെ ആന്റണിയെയും ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമെല്ലാം സമൂഹമാധ്യമങ്ങളിൽ തെറിവിളിക്കുന്നു. ഇത്ര വൃത്തികെട്ട സംസ്കാരം പേറുന്ന പാർടി ഇന്ത്യാരാജ്യത്തില്ല. അച്ചടക്കം പാലിക്കാൻ പ്രവർത്തകർക്ക് കൈപ്പുസ്തകം നൽകും.
കാലാകാലങ്ങളായി ഒപ്പം നിന്നവരെല്ലാം കോൺഗ്രസിനെ കൈവിട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെല്ലാം ഒപ്പമുണ്ടായിരുന്ന സാമൂഹ്യ വിഭാഗവും കൈവിട്ടു. സർവപ്രതാപികളുള്ള ആലപ്പുഴയിൽ കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങി. കോഴിക്കോട്ട് ഒരിഞ്ച് മുന്നോട്ട് പോകാനാവുന്നില്ല. കോൺഗ്രസിലെ പ്രശ്നങ്ങൾ കണ്ടെത്താൻ കെപിസിസി സർവേ നടത്തിയിരുന്നു. 60 ശതമാനം നേതാക്കളും വിശ്വാസ്യതയില്ലാത്തവരാണെന്നായിരുന്നു കണ്ടെത്തൽ. 46 ശതമാനം ബൂത്തുകളിലും കമ്മിറ്റികൾ പ്രവർത്തിക്കുന്നില്ല.
പുതിയ ഡിസിസി പ്രസിഡന്റുമാർക്ക് ആറുമാസ സമയം നൽകിയിട്ടുണ്ട്. പ്രവർത്തനക്ഷമമല്ലാത്തവരെ മാറ്റും. തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ തോൽപ്പിക്കാൻശ്രമിച്ചവരുണ്ട്. ഘടകകക്ഷികൾ ഈ പരാതി ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപടിയെടുക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾപലതും അറിയപ്പെടുന്നത് ചില വ്യക്തികളുടെ പേരിലാണ്. സ്വന്തം ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. സെമി കേഡർ സ്വഭാവത്തിലേക്ക് കോൺഗ്രസിനെ മാറ്റുമെന്ന് പറഞ്ഞപ്പോൾ എന്താണ് കേഡർ എന്നറിയില്ലെന്ന് പരിഹസിച്ചവരുണ്ട്. കേഡർ എന്ന വാക്ക് തന്റെ കണ്ടെത്തലല്ലെന്നും സുധാകരൻ പറഞ്ഞു.