കണ്ണൂര് > വിശാലഹൃദയയെന്ന് ഡോക്ടര്മാര് കളിയാക്കാറുണ്ടെങ്കിലും രത്നവല്ലിയെ ഹൃദയം അത്രകണ്ടങ്ങ് സ്നേഹിച്ചിരുന്നില്ലെന്നതാണ് നേര്. ഹൃദയവും രത്നവും ഇടക്കിടെ പിണങ്ങും. ഇരുവരും തമ്മിലുള്ള മിടിപ്പിന്റെ താളം തെറ്റും. മരുന്നും ചികിത്സയും ഡോക്ടര്മാരുടെ ശാസനയുമൊക്കെച്ചേര്ന്ന് വീണ്ടും പഴയതിനേക്കാള് ഇഴയടുപ്പത്തോടെയാകും തുടര്ന്നുള്ള ഹൃദയബന്ധം. നാലു പേസ്മേക്കര് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ രത്നവല്ലി ആധുനിക വൈദ്യശാസ്ത്ര വിജയത്തിന്റെ മാതൃകയാണ്.
ഹൃദയം പണിമുടക്കുകയെന്നാല് ചൈതന്യമുള്ള ജീവിതത്തിന്റെ അവസാനമല്ലെന്ന് എഴുപത്തിമൂന്നുകാരിയായ രത്നവല്ലി പറയുന്നത് പത്തുവട്ടം ശസ്ത്രക്രിയ നടത്തിയതിന്റെ കൂട്ടിത്തയ്യലുകള് തൊട്ടാണ്. നേര്ത്തുപോകുന്ന മിടിപ്പുകളെ പേസ്മേക്കറിലൂടെ വീണ്ടെടുത്ത് പ്രസരിപ്പോടെ ജീവിതം തുടരുന്നതിനിടെയാണ് അര്ബുദമെത്തുന്നത്. അതിനോടും പൊരുതി ജയിച്ച് ചിരിക്കുന്ന രത്നവല്ലി സന്തോഷത്തിന്റെ ബ്രാന്ഡ് അംബാസഡറാണ്.
രണ്ടു മക്കള്ക്കും ഭര്ത്താവിനുമൊപ്പം സന്തോഷജീവിതം നയിക്കുന്നതിനിടെയാണ് രത്നവല്ലിയുടെ ഹൃദയം പണിമുടക്കാന് തുടങ്ങിയത്. 45ാം വയസില് തുടര്ച്ചയായ തലകറക്കത്തെത്തുടര്ന്നുള്ള പരിശോധനയിലാണ് ഹൃദയമിടിപ്പ് കുറയുന്നത് മനസിലായത്. പേസ്മേക്കര് ഘടിപ്പിക്കുകയാണ് പോംവഴിയെന്ന് നിര്ദേശിച്ചതോടെ തിരുവനന്തപുരം ശ്രീചിത്രയില് എത്തി. വിദഗ്ധ പരിശോധനയില് ഹൃദയത്തിന് ദ്വാരമുള്ളതായും കണ്ടെത്തി. ശസ്ത്രക്രിയവഴി ദ്വാരം അടച്ചശേഷം പേസ്മേക്കര് വച്ചു.
ഹൃദയത്തിന്റെ സാധാരണമല്ലാത്ത വലുപ്പം കാരണം ‘വിശാല ഹൃദയ’യെന്നാണ് ഡോക്ടര്മാര്മാര് രത്നവല്ലിയെ വിളിച്ചിരുന്നത്. ഹൃദയവലുപ്പം പേസ്മേക്കര് വച്ചപ്പോഴാണ് ബുദ്ധിമുട്ടായത്. ഹൃദയത്തിലേക്ക് ബന്ധിപ്പിക്കുന്ന ലീഡ്പൊട്ടി ഇടക്കിടെ പേസ്മേക്കര് പണിമുടക്കി. അതിനാല് പേസ്മേക്കറിന്റെ സ്ഥാനം ഇടത്തും വലത്തും വയറിന് സമീപത്തേക്കും മാറ്റേണ്ടിവന്നു. പത്ത് തവണ ഹൃദയശസ്ത്രക്രിയ നടന്നു. മൂന്ന് പേസ്മേക്കര് മാറ്റി. നാലാമത്തേതാണ് ഇന്നുപയോഗിക്കുന്ന ആധുനിക മോഡല് പേസ്മേക്കര്. 21 വര്ഷം പിന്നിട്ട പേസ്മേക്കര് ഇനിയും ഒന്നര വര്ഷം ജീവിക്കുമെന്ന് രത്നവല്ലി പറയുന്നു.
കണ്ണിലെ ചുവപ്പുനിറം അര്ബുദമാണെന്ന് കണ്ടെത്തിയപ്പോഴേക്കും നാലാംഘട്ടത്തിലെത്തിയിരുന്നു. ഡോ. ജയശങ്കറിന്റെകീഴിലാണ് അര്ബുദ ചികിത്സ. കോഴിക്കോട് തിരുവമ്പാടിക്കാരിയായ രത്നവല്ലി പയ്യന്നൂര് ഗേള്സ് സ്കൂള് അധ്യാപകന് വിഷ്ണുനമ്പീശനെ വിവാഹംകഴിച്ചാണ് കോറോത്ത് എത്തുന്നത്. 35 വര്ഷം പയ്യന്നൂര് ഗവ. ആശുപത്രിയില് നഴ്സായിരുന്നു. പത്ത് തവണത്തെ ഹൃദയശസ്ത്രക്രിയക്കും അര്ബുദത്തിന്റെ നാലാംഘട്ടം അതിജീവിച്ചതിനും ആധുനിക വൈദ്യശാസ്ത്രത്തോട് കടപ്പാടുണ്ടെന്ന് രത്നവല്ലി പറയുന്നു.
ആലുവ ഗവ. ഗേള്സ് എച്ച്എസ്എസ് അധ്യാപികയായ മകള് ശ്രീജയ്ക്കൊപ്പം കൊച്ചിയിലാണ് താമസം. പഞ്ചാബ് കേന്ദ്ര സര്വകലാശാല അസോസിയേറ്റ് പ്രൊഫസറായ മകന് ഫെലിക്സ് ബാസ്റ്റ് (ശ്രീജിത്ത്) ഇന്ത്യയുടെ അന്റാര്ട്ടിക്ക പര്യവേഷണസംഘാംഗമായിരുന്നു.