വാഷിങ്ടണ്‍
ഇന്ത്യയെ ലക്ഷ്യമിടുന്നവ അടക്കം 12 ഭീകരസംഘടനകളെങ്കിലും പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്ക. യുഎസ് കോണ്‍ഗ്രസിസ് അംഗങ്ങള്‍ ഉള്‍പ്പെട്ട കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് ക്വാഡ് ഉച്ചകോടിയോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ്, ഹർക്കത്തുള്‍ ജിഹാദ് ഇസ്ലാമി, ഹർക്കത്തു-ൾ -മുജാഹിദ്ദീൻ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നിവയാണ് ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്ഭീകരസംഘടനകള്.
അൽ ഖായ്ദ, ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസൻ, ഹഖാനി ശൃംഖല, തെഹ് രിക്ഇ- താലിബാൻ പാകിസ്ഥാൻ, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇമ്രാന് ഖാന് സര്‍ക്കാര്‍ ഭീകരസംഘടനകള്‍ക്കെതിരെ ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും പാകിസ്ഥാന് ഇപ്പോഴും ഭീകരരുടെ സുരക്ഷിതതാവളമായി തുടരുകയാണെന്നും ചില തീവ്രവാദ ഗ്രൂപ്പുകളും വ്യക്തികളും രാജ്യത്ത് പരസ്യമായി പ്രവർത്തിക്കുന്നത് തടയാൻ പാക് അധികാരികൾ വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
1980കളില്‍ രൂപീകരിക്കപ്പെട്ട ലഷ്കറെ തയ്ബയെ 2001ലാണ് അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കശ്മീര്‍ ഭീകരന് മസൂദ് അസറിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തിലാണ് ജെയ്ഷെ മുഹമ്മദ് രൂപീകൃതമായത്.1980ല്‍ അഫ്ഗാനിസ്ഥാനില്‍ ആരംഭിച്ച ഹർക്കത്തുള്‍ ജിഹാദ് ഇസ്ലാമിയുടെ പ്രവര്‍ത്തനം 1989നുശേഷം ഇന്ത്യയെ ലക്ഷ്യമിട്ടാണ്. അഫ്ഗാനില്‍ താലിബാനെ ശക്തിപ്പെടുത്തുന്നതിനടക്കം പ്രവര്‍ത്തിച്ച സംഘടനയെ 2010ല്‍ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചു. 1985ല്‍ രൂപീകരിച്ച് ഹർക്കത്തുൾ- മുജാഹിദ്ദീന്‍ ഒസാമ ബിൻ ലാദനും അൽ-ഖായ്ദയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.