രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭത്തിൽ സോവിയറ്റ് ഉക്രയ്നിലെ ബാബി യാറിൽ മുപ്പതിനായിരത്തിലധികം ജൂതരെ വെടിവച്ച് കൊന്നാണ് ഹോളോക്കോസ്റ്റുകൾക്ക് നാസിപ്പട തുടക്കമിട്ടത്. ലോകത്തെ നടുക്കിയ വംശഹത്യക്ക് ബുധനാഴ്ച 80 വർഷം തികയുന്നു.
സോവിയറ്റ് യൂണിയൻ അധിനിവേശത്തിനാണ് നാസിപ്പട ഉക്രയ്ൻ തലസ്ഥാനമായ കീവിൽ എത്തിയത്. 1941 സെപ്തംബർ 29നും -30നുമായി 33,771 ജൂതന്മാരെ കൊന്നു. പ്രദേശത്തെ മുഴുവൻ ജൂതന്മാരെയും ഉൻമൂലനം ചെയ്യാനായിരുന്നു തീരുമാനം. ജൂതരെ വൈസ്കോവ് സെമിത്തേരിക്ക് സമീപത്തേക്ക് വിളിച്ചു വരുത്തി. ഏകദേശം 150 മീറ്റർ നീളവും 30 മീറ്റർ വീതിയും 15 മീറ്റർ ആഴവുമുള്ള ഇടുക്കിലേക്ക് നഗ്നരാക്കി നടത്തി. ഒരാള്‍ക്ക് മുകളില്‍ ഒരാള്‍ വീഴുംവിതം കൃത്യതയോടെ വെടിവച്ചുവീഴ്ത്തി. പാളികൾ അടുക്കിവച്ചതുപോലെ മൃതദേഹങ്ങൾ കിടന്നുവെന്നാണ് ദൃക്സാക്ഷി മൊഴി.
സോവിയറ്റ് പ്രതിരോധത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 1944ൽ നാസികൾക്ക് ബാബി യാറിൽനിന്ന് പിന്മാറേണ്ടി വന്നു. എന്നാൽ, ഇതിനുമുമ്പ് കൂട്ടക്കൊലകളുടെ തെളിവുകൾ ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു. മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ച് ചാരം കൃഷിയിടങ്ങളിൽ വിതറി. സൈറേറ്റ്സ് തടങ്കൽപ്പാളയത്തിലെ നൂറുകണക്കിന് യുദ്ധത്തടവുകാരെയാണ് ഇതിന് നിയോഗിച്ചത്.
ബാബി യാറില്‍ ജൂതവംശഹത്യ കൂടാതെ പലരാജ്യക്കാരായ 1,20,000 പേരെ കൂടി നാസിപ്പടകൊന്നു. കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ പോൾ ബ്ലോബലിനെ യുദ്ധക്കുറ്റം ചുമത്തി 1951 ജൂൺ ഏഴിന് ലാൻഡ്സ്ബെർഗ് ജയിലിൽ തൂക്കിലേറ്റി. –