ന്യൂഡല്‍ഹി > പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ഡല്‍ഹിയിലെത്തിയ അമരീന്ദര്‍ ചൊവ്വാഴ്ച വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അമരീന്ദര്റിന്റെ ഡല്‍ഹി സന്ദര്‍ശനം വ്യക്തിപരമാണെന്നും അനാവശ്യമായ ഊഹാപോഹങ്ങള്‍ വേണ്ടെന്നും മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്രല്‍ അറിയിച്ചു.
അമരീന്ദര്‍ സിങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കം നടക്കുന്നതായി സൂചനകളുണ്ട്. ബിജെപിയില്‍ ചേരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാന്‍ കേന്ദ്ര നേതൃത്വം സഹായിക്കുമെന്നു പാര്‍ട്ടിയെ എന്‍ഡിഎയുടെ ഭാഗമാക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് അമരീന്ദര്‍. മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹി സന്ദര്‍ശനം നടത്തിയപ്പോള്‍ ഹൈക്കമാന്‍ഡ് നേതാക്കളെ കാണാതെ, അമിത്ഷായെയും മോഡിയെയും കണ്ടാണ് അമരീന്ദര്‍ സിങ് മടങ്ങിയിരുന്നത്.