ന്യൂഡൽഹി:കോവിഡ് വ്യാപനത്തെ തുടർന്ന് പരോൾ ലഭിച്ചവർക്ക്ജയിലിലേക്ക് മടങ്ങാൻ നൽകിയ നിർദേശത്തിന് എതിരായ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ബുധനാഴ്ച കാലത്ത് 10.30 ന് മറുപടി അറിയിക്കാൻ കോടതി നിർദേശിച്ചു. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്.
കോവിഡ് വ്യാപന സമയത്ത് ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുപുള്ളികൾക്ക് ജാമ്യവും പരോളും അനുവദിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ എങ്ങനെയാണ് തടവുപുള്ളികളോട് ജയിലുകളിലേക്ക് മടങ്ങാൻ നിർദേശച്ച് സർക്കാർ ഉത്തരവിറക്കിയതെന്ന്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സർക്കാർ ഉത്തരവ് പ്രകാരം ഇന്നലെ ആയിരുന്നു തടവുപുള്ളികൾ ജയിലുകളിലേക്ക് മടങ്ങേണ്ടിയിരുന്നത്. നെട്ടൂർ തുറന്ന ജയിലിലെ തടവുകാരനായ ആലപ്പുഴ സ്വദേശി ഡോൾഫി ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡോൾഫിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നാഗമുത്തു, അഭിഭാഷകരായ സുബാഷ് ചന്ദ്രൻ, സായൂജ് മോഹൻ ദാസ്, കവിത സുബാഷ് എന്നിവരാണ് ഹാജരായത്.
കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശൂർ സ്വദേശി രഞ്ജിത്തിന്റെ പരോൾ ഒക്ടോബർ 31 വരെ നീട്ടിനൽകാൻ ബന്ധപ്പെട്ട അധികാരികളോട് സുപ്രീം കോടതി രാവിലെ നിർദേശിച്ചിരുന്നു. കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് നിർദേശമെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Content Highlights:Prisoners Parole-Supreme Court Notice to Government