വാക്കുകള്‍ കൊണ്ടുള്ള സാഹസങ്ങളില്ല, അസാധാരണമായ കണ്ടുപിടിത്തങ്ങളില്ല. വൈദ്യുതി വരുന്നതിനും മുൻപെയുള്ള ഒരു നാടും അവിടുത്തെ മനുഷ്യരും അവരുടെ ‘വിശുദ്ധ’മായ ജീവിതങ്ങളുമാണ് മുസാഫിര്‍.
വയനാടന്‍ ചുരത്തിന് ചുവട്ടില്‍ ഒരിടത്തുള്ള ഒരു അങ്ങാടി. അവിടെ ബസ്സിറങ്ങുകയാണ് കുഞ്ഞിസീതി. ‘വന്നിറങ്ങിയ ദേശം തന്‍റെ ജീവിതരേഖയിലെവിടെയോ അടയാളപ്പെടുത്തിയ ഒരിടമാണെന്ന്’ കുഞ്ഞിസീതിക്ക് തോന്നുന്നു എന്നാണ് ആദ്യ പാരഗ്രാഫുകളില്‍. പാലക്കാട് ഖസാക്കിന് അരികെ ഒറ്റയ്ക്ക് വന്ന് ബസ്സിറങ്ങിയ രവിയെപ്പോലെ തന്നെ സംസാരിക്കുന്നു കുഞ്ഞുസീതി.
കുഞ്ഞുസീതി, ഇടുങ്ങിയരീതിയില്‍ ചിന്തിക്കുകയും സ്വപ്‍നം കാണുകയും ആരെയും ധിക്കരിക്കാന്‍ കഴിയാത്തവരുടെയും ലോകത്തെ രവി തന്നെയാണ്. ഈ നാളുകളിലെ ചില മനുഷ്യര്‍ അവര്‍ക്കുവേണ്ടത് ഒരു തെറാപ്പിസ്റ്റിനെയാണെന്ന് മനസ്സിലാക്കാത്തപോലെ അസ്തിത്വ പ്രശനങ്ങള്‍ ആണ് തന്നെ പിന്തുടരുന്നത് എന്ന് തിരിച്ചറിയാത്തയാളാണ് കുഞ്ഞുസീതി.
ജീവിതത്തില്‍ കുഞ്ഞുസീതി ആകെ പറ്റില്ലെന്ന് പറഞ്ഞത് പഴയ ജീവിതത്തില്‍ നിന്ന് മോചിപ്പിച്ച് അങ്ങാടിയില്‍ എത്തിച്ച ബാവുട്ടിയോടാണ്. ഉപകാരസ്‍മരണകളുടെ കണക്കുപുസ്‍തകത്തില്‍ കുഞ്ഞുസീതിയെ പക്ഷേ, നന്ദിയില്ലാത്തവനായി കാണുന്നില്ല ബാവുട്ടി. അതൊരുപക്ഷേ, കുഞ്ഞുസീതിയുടെ മാത്രം കഥയായി നമ്മളിത് വായിക്കുന്നത് കൊണ്ടാകാം.
കുഞ്ഞുസീതിയിലൂടെ അങ്ങാടിയിലെ കഥാപാത്രങ്ങളിലേക്ക് നമ്മളെത്തുകയാണ്. സെയ്തുപ്പ, അസ്സുട്ടി മൊല്ല, കദീശുമ്മു, കോയക്കുട്ടി, അലസ്സൻകാ, ഹാജുറുമ്മു, ചെക്കൂട്ടി മുതലാളി, മാധവന്‍ അടിയോടി, ബീക്കുട്ടി, ഉസ്താദ്, ആയിശാബീ, മുസ്തഫ, സത്യഭാമ, റംലത്ത്, വെള്ളായി — ഒടുവില്‍, ഏറ്റവും ഒടുവില്‍ മാത്രം, മുസാഫിര്‍. (അധികംപേരെ ഓർത്തിരിക്കേണ്ട, പകുതിപ്പേരും മരിക്കും)
എല്ലാ ദേശങ്ങളുടെയും കഥയാണ് മുസാഫിര്‍. നിങ്ങള്‍ ചെറുപ്പത്തില്‍ ഓര്‍ത്തെടുക്കുന്ന, അന്ന് ബലവാന്മാരായിരുന്ന മനുഷ്യര്‍. നിങ്ങള്‍ വളരുമ്പോള്‍ അവരെക്കുറിച്ച് കേട്ടിരുന്ന കഥകള്‍. നിങ്ങള്‍ വളര്‍ന്ന് നിഷ്ക്കളങ്കതയുടെ നഷ്‍ടത്തിന്‍റെയും മരിക്കാതിരിക്കാനുള്ള ഓട്ടത്തിന്‍റെയും ഇടയ്ക്ക് ജീവക്കുമ്പോള്‍ നിലച്ചുപോയെന്ന് ഒരുച്ച നേരത്ത് കേൾക്കുന്ന മനുഷ്യര്‍ – അത്രേയേ ഉള്ളൂ മുസാഫിര്‍.
കുഞ്ഞുസീതിയുടെ ജീവിതത്തിന്‍റെ ഹ്രസ്വമായ ഒരു കാലയളവാണ് നോവല്‍. ഒന്നുമില്ലാത്തവനായി ഒരിടത്ത് വന്നിറങ്ങുകയും വലിയ നേട്ടമെന്ന് പുറത്തുനിന്ന് വിലയിരുത്തുന്നവര്‍ക്ക് തോന്നാവുന്നതുമായ ഒരു ജീവിതമാണ് കുഞ്ഞുസീതി ജീവിച്ചത്. അയാളിലൂടെ മറ്റുള്ളവരുടെയും മറ്റുള്ളവരിലൂടെ അയാളുടെയും ഓഡിറ്റിങ് ആണ് നോവല്‍. അതില്‍ മതവും പാരമ്പര്യവും പണവും സ്നേഹനും കാലവും എല്ലാം ഓരോ സൂചികകളാണ്.
മുസാഫിര്‍ ഒരു വിപ്ലവമോ ആദര്‍ശമോ ഒന്നുമല്ല. ഒരു കാലഘട്ടത്തെ അതേപടി അംഗീകരിക്കുകയാണ് നോവല്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇതില്‍ നായകന്മാരോ വില്ലന്മാരോ സഹനടന്മാരോ ഒന്നുമില്ല. ചെറിയ കുന്നുകളും പുഴക്കരയും കശുമാവും പോലെ ഇനി നോവലുകളില്‍ കാണപ്പെടാന്‍ സാധ്യതയില്ലാത്ത പലതും ഇതിലുണ്ട് താനും.
നിറമാണ് ഈ നോവലിലെ മറ്റൊരു വിചിത്രമായ അംശം. കുലീനകളും സഹനം ഒരു അവയവമായി സ്വീകരിച്ചവരുമായ സ്ത്രീകള്‍ക്ക് എല്ലാം നല്ല ‘വെളുത്ത നിറ’മാണ്. പുരുഷന്മാര്‍ക്കും അതേ. പ്രത്യേകിച്ചും അവധൂതനായ മുസാഫിറിന്. ‘വെളുത്ത് ചോരതുടിക്കുന്ന സുന്ദരമായ മുഖം’ നോവലിസ്റ്റ് എഴുതുന്നു. സത്യഭാമയുടെ നിറവും വെളുപ്പായിരുന്നു. അത് പലരെയും മത്തുപിടിപ്പിച്ചു.
താഴേ ശ്രേണിയിലുള്ളവര്‍ക്ക് ആകട്ടെ നിറം ഒരു ഒരു ബാധ്യതയായിരുന്നു. ‘തമിഴന്‍റെ കറുപ്പുനിറം തന്നെയായിരുന്നു ഫോട്ടോ പിടിക്കുന്ന പെട്ടിക്കും’ ഒരിടത്ത് നോവല്‍ പറയുന്നു. കൂപ്പിലെ വെപ്പുകാരന്‍ മായിന്‍കുട്ടിയാണ് ഇതിന്‍റെ വലിയൊരു ഇര.
“വെളുത്ത് തടിച്ചുകൊഴുത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. കൂപ്പിലെ വെപ്പുപുരയില്‍ കിടന്ന് തീച്ചൂട് കൊള്ളേണ്ടവനല്ല അവനെന്ന് (കുഞ്ഞുസീതിക്ക്) തോന്നി”
ഈ കൗതുകത്തിന് കുഞ്ഞുസീതി ഉത്തരം അന്വേഷിക്കുന്നുണ്ട്. അതിങ്ങനെ പോകുന്നു.
“ഒന്നും രണ്ടും മാസം കെട്ടിപെണ്ണിനെ പിരിഞ്ഞിരിക്കണോരാണ് കൂപ്പിലെ പണിക്കാര്! ഓലിക്കും (അവര്‍ക്കും) വേണ്ടേ കുഞ്ഞുസീത്യേ ഒരാശ്വാസം! അടുക്കളപ്പണിക്കെന്തിനാടോ കുഞ്ഞിസീത്യേ നെയ്യലുവ പോലത്തെ ചെക്കൻ. – ഹംസക്കോയ ചിരിച്ചു. ഒരുപാട് അര്‍ഥമാനങ്ങളുള്ള ചിരി. അറപ്പുതോന്നി (കുഞ്ഞിസീതിക്ക്) മായിന്‍കുട്ടിയോട്”
അതിനടുത്ത പാരഗ്രാഫില്‍ സമൂഹത്തെക്കുറിച്ചുള്ള മറ്റൊരു രസകരമായ അടിക്കുറിപ്പ് കൂടെയുണ്ട്.
“ആണിനെ സ്നേഹിക്കുന്ന പെണ്ണിനുമാത്രമേ രുചിയുള്ള ആഹാരങ്ങള്‍ അയാള്‍ക്ക് വെച്ചുവിളിമ്പാന്‍ കഴിയുകയുള്ളൂ. അടിയോടിക്കുവേണ്ടിയുള്ള ഭക്ഷണത്തില്‍ അവര്‍ (സത്യഭാമ) സ്നേഹത്തിന്‍റെ അംശം ചേര്‍ത്തുവച്ചിരിക്കുന്നു. അതുകൊണ്ടാണ് എല്ലാത്തിനും ഇത്രയും രുചി” — ‘അസെക്ഷ്വൽ’ ആണെന്ന് കരുതേണ്ട അടിയോടിയെന്ന കഥാപാത്രത്തിന്‍റെ ഭാര്യയുടെ ഗതികേട് ആണിത്. ലൈംഗികമായി അടിയോടിയോട് അടുക്കാനാകാതെ ദാമ്പത്യം മുഴുവന്‍ അവര്‍ നോവലില്‍ തള്ളിനീക്കുകയും ചെയ്യുന്നു.
മുസാഫിര്‍ എന്നെ സ്പര്‍ശിക്കുന്നത് ഇവിടെയൊന്നുമല്ല. അത് വൈദ്യുതിയുടെ വരവിനെക്കുറിച്ചുള്ള ഒരു കഥയിലാണ്. വെളിച്ചം (വൈദ്യുതി) മാടനെയും മറുതയെയും ഓടിച്ചെന്നാണ് എന്‍റെ അമ്മ പറയുന്ന പഴയൊരു കഥയില്‍ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. കശുമാവുകളില്‍ പതുങ്ങിയിരിക്കുന്ന മാടനും മറുതയും വെളിച്ചം വന്നതോടെ ഇരുട്ടുതേടി പോയത്രേ, എല്ലായിടവും വെളിച്ചം വന്നതോടെ അവര് ഇല്ലാതെയായി.
2018ല്‍ ഇറങ്ങിയ മലയാള സിനിമ ഒടിയന്‍ ഇത് തന്നെയായിരുന്നു പ്രമേയം. സംവിധായകന് മാത്രം അത് സ്ഥാപിക്കാനയില്ല.
മുസാഫിറില്‍ ചൂട്ടുകറ്റ വിൽക്കുന്ന വേലുമൂപ്പരുടെ മുഖത്ത് നോക്കി ‘പരിഹസിക്കുന്നതുപോലെ’യാണ് വെളിച്ചം വന്നത്.
“ഒരു ഞെട്ടലോടെ അങ്ങാടി വെളിച്ചത്തില്‍ അന്തിച്ചുനിന്നു” – നോവലിസ്റ്റ് എഴുതുന്നു.
“കറന്‍റ് വരുന്നത് ഉസ്താദിന് ക്ഷീണാണെന്നാണല്ലോ കേൾക്കുന്നത്, ഇസ്‍മിന്‍റെ പണിണ്ടാവൂല്ല,” ഇമ്പിച്ചുട്ടി പറഞ്ഞു.
“അതെന്താ ഇമ്പിച്ചുട്ട്യേ?”
“ചെകുത്താനും പിശാചിനും ഒക്കെ കറന്‍റിനെ പേട്യാണ്. കോഴിക്കോട് അങ്ങാടീല് ചെകുത്താനുംല്ല പിശാചുംല്ല. അതുകൊണ്ട് ആടെ (അവിടെ) ഇസ്‍മിന്‍റെ പണ്യുംല്ല!”
****