കൊച്ചി > പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോന്സണ് മാവുങ്കലിന് കോണ്‍ഗ്രസിന്റെ സംസ്ഥാന തലം മുതല്‍ അഖിലേന്ത്യാ നേതൃത്വവുമായും അടുത്തബന്ധം. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി മോന്സണിനുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും പുറത്തുവന്നു. തന്റെ ബിസിനസ് കാര്യങ്ങളെക്കുറിച്ച് സുധാകരന് അറിയാമെന്ന് മോന്സണ് പറയുന്ന വീഡിയോദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പണം നല്കിയ പരാതിക്കാരെ അനുനയിപ്പിക്കാനാണ് മോന്സണ് സുധാകരന്റെ ബന്ധം വെളിപ്പെടുത്തുന്നത്.
വയലാര്‍ രവി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ തന്നെ സഹായിച്ചുവെന്നും മോന്സണ് പറയുന്നുണ്ട്. എ കെ ആന്റണിയുമായും അടുത്തബന്ധമെന്നും മോന്സണ് വെളിപ്പെടുത്തുന്നു.
പരാതിക്കാരുമായി ഒരു ബന്ധവുമില്ലെന്നാണ് കഴിഞ്ഞ ദിവസം സുധാകരന് ന്യായീകരിച്ചത്. എന്നാല്‍ പരാതിക്കാരും സുധാകരനും മോന്‍സണും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മോന്‍സണിന്റെ വീഡിയോ ദൃശ്യവും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പത്തുകോടി രൂപയുടെ വെട്ടിപ്പ് നടത്തിയ മോന്‍സണിന് പണം കൈമാറിയത് സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് തട്ടിപ്പിനിരയായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷമീര്‍ വെളിപ്പെടുത്തിയിരുന്നു. കെപിസിസി പ്രസിഡന്റായ ശേഷവും സുധാകരനുമായി മോന്സണ് അടുത്ത ബന്ധം തുടരുന്നുണ്ടെന്നും ഷമീര്‍ പറഞ്ഞു. 60 ലക്ഷം രൂപയാണ് ഷെരീഫിന് നഷ്ടമായത്. തട്ടിപ്പ് സുധാകരനെ അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ല. സര്‍ക്കാര്‍ അന്വേഷണത്തില്‍ തൃപ്തനാണെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷമീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞ് സുധാകരനെ മോന്സണ് 10 ദിവസം ചികിത്സിച്ചെന്നും ഇയാള്‍ക്കായി ഡല്‍ഹില്‍ ഇടപെടലുകള്‍ നടത്തിയിരുന്നതായും പരാതിക്കാര്‍ പറയുന്നു. സുധാകരന് തട്ടിപ്പിലുള്ള ബന്ധം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ഷെമീര്‍ പറഞ്ഞു.