വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച നടക്കുക്ക. കെഎസ്ആർടിസിയുടെ ബോണ്ട് സർവീസുകൾ വേണമെന്ന ആവശ്യത്തിനൊപ്പം കണസഷൻ നിരക്ക് സംബന്ധിച്ച് പല സ്കൂളുകളിൽ നിന്ന് നിന്നും ആവശ്യം ഉയർന്നതോടെയാണ് ഇന്ന് ചർച്ച നടക്കുന്നത്. മന്ത്രിമാരുടെ യോഗത്തിൽ വിദ്യാഭ്യാസ വകുപ്പിലെയും ഗതാഗത വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.
സ്കൂൾ ബസുകളിലെ ജീവനക്കാർ സ്വീകരിക്കേണ്ട കൊവിഡ് പ്രോട്ടോക്കോളും നിർദേശങ്ങളും അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. പല സ്കൂളുകളിലെയും ബസുകൾക്കും കേടുപാടുകൾ സംഭവിച്ച അവസ്ഥയിലാണ്. കൊവിഡ് മാനദണ്ഡ പ്രകാരം ഒരു സീറ്റിൽ ഒരു കുട്ടി എന്ന രീതിയിലാണ് സ്കൂൾ ബസിലെ ക്രമീകരണം. അതിനാൽ സ്കൂൾ ബസുകൾ മാത്രം പോരാത്ത അവസ്ഥയാണ്. ബസുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി വലിയ തുക ചെലവഴിക്കേണ്ട അവസ്ഥയിലാണ് സ്കൂളുകൾ.
ഇതോടെയാണ് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ സ്കൂളുകൾ ആവശ്യപ്പെടുന്നത്. വലിയ സ്കൂളുകൾ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആർടിസി സർവീസ് നടത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു.
നംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം ഇരുപതിനകം സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം വാഹനങ്ങൾ കേടുപാടുകൾ സംഭവിച്ച അവസ്ഥയിലാണ്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെയാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുക. ഇതിനാൽ സ്കൂളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ഇതിനൊപ്പം സമാന്തരമായി വിക്ടേഴ്സ് വഴിയുള്ള ക്ലാസുകളും തുടരും.
സംസ്ഥാനത്തെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നാം തിയതി മുതൽ തുറക്കുക. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശം നൽകിയിരുന്നു.
ഒരു ബെഞ്ചിൽ രണ്ട് പേർ എന്ന രീതിയിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. കുട്ടികൾ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കാൻ സ്കൂളുകളിൽ ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. സ്കൂളിന് മുന്നിലെ കടകളിൽ പോയി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ല. ശരീര ഊഷ്‌മാവ്, ഓക്സിജൻ എന്നിവ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ സ്കൂളിലേക്ക് പ്രവേശിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി ബയോ ബബിൾ സുരക്ഷ ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു.