കാസർകോട്
നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരം മണ്ഡലത്തിലെ തന്റെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ ബിജെപി 50 ലക്ഷം രൂപ ചെലവിട്ടുവെന്ന് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദര. തനിക്ക് നൽകിയത് രണ്ടര ലക്ഷം മാത്രമാണ്. ബാക്കിയുള്ള 47.5 ലക്ഷം ബിജെപി ജില്ലാ നേതാക്കൾ വീതംവച്ചെടുത്തു. ബിജെപിയിലെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചതെന്നും സുന്ദര മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ അറിയില്ലെന്ന കെ സുരേന്ദ്രന്റെ വാദം ശരിയല്ല. സ്വർഗ വാണിനഗറിലെ വീട്ടിലെത്തിയ ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കെ മണികണ്ഠ റൈയുടെ ഫോണിൽ സുരേന്ദ്രൻ സംസാരിച്ചിട്ടുണ്ട്. കർണാടകത്തിൽ മദ്യഷോപ്പും നാട്ടിൽ പുതിയവീടും ഉറപ്പുനൽകി. 2016ലെ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചതിനാലാണ് 89 വോട്ടിന് തോറ്റതെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. മൂന്ന് കാറുകളിലെത്തിയ നേതാക്കളാണ് പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോഡ്ക്കലിലെ ബിജെപി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മൊബൈൽഫോൺ ഓഫാക്കിയശേഷം രാത്രി ഇവിടെ പാർപ്പിച്ചു. മദ്യവും ഭക്ഷണവും പ്രവർത്തകർ എത്തിച്ചുനൽകിയെന്നും സുന്ദര പറഞ്ഞു.
സുന്ദരയുടെ പുതിയ വെളിപ്പെടുത്തൽ ബിജെപിക്ക് കേസിൽ കൂടുതൽ കുരുക്കാകും. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി കേന്ദ്രത്തിൽനിന്ന് കർണാടകവഴി കോടികൾ എത്തിയതായി ആരോപണമുണ്ട്. തെരഞ്ഞെടുപ്പുസമയത്ത് സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയിട്ടും എത്തിച്ചിട്ടില്ല. കേസിൽ കുറ്റപത്രം ഉടൻ കാസർകോട് സിജെഎം കോടിതിയിൽ നൽകും.