ന്യൂഡൽഹി
കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന മോദി സർക്കാരിനെതിരായി കർഷക സംഘടനകൾ ആഹ്വാനംചെയ്ത 10 മണിക്കൂർ ഭാരത് ബന്ദിൽ രാജ്യം നിശ്ചലം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം പ്രതിഷേധം ആളിക്കത്തി. കർഷകരുടെ അതിജീവന പോരാട്ടത്തെ ജനങ്ങൾ പൂർണമനസ്സോടെ ഏറ്റെടുത്തു. രാജ്യവ്യാപകമായി പതിനായിരത്തോളം കേന്ദ്രത്തിൽ ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും സംഘടിച്ചു. പൊലീസിനെയും അർധസേനയെയും ഇറക്കി ബന്ദ് പരാജയപ്പെടുത്താനുള്ള ബിജെപി നീക്കം പാളി. കർഷകർക്ക് പിന്തുണയുമായി തൊഴിലാളികൾകൂടിയെത്തിയതോടെ പുതിയ ജനകീയ ഐക്യമുന്നണി രൂപപ്പെടുന്നതിന്റെ നാന്ദി കുറിക്കലായി ബന്ദ് മാറി.
‘കാർഷികമേഖലയിൽ കോർപറേറ്റുകൾ കൈവയ്ക്കാതിരിക്കുക’, ‘മോഡി–- ഷാ രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് മുഖ്യമായും ഉയർന്നത്. രാവിലെ ആറുമുതൽ വൈകിട്ട് നാല് വരെയായിരുന്നു ബന്ദാഹ്വാനമെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളിലും പ്രതിഷേധം കൂടുതൽ സമയം നീണ്ടു. ബിജെപി ഭരണസംസ്ഥാനങ്ങളിലും ഡൽഹിയിലും പൊലീസ് പ്രകോപനത്തിനിറങ്ങിയെങ്കിലും സമാധാനപരമായിരുന്നു ബന്ദ്. ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും യുവജന–- വിദ്യാർഥി–- മഹിളാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബാങ്ക്–- ഇൻഷുറൻസ്–- തപാൽ തുടങ്ങി വിവിധ സേവനമേഖലകളിലെ ജീവനക്കാരും കേന്ദ്ര–- സംസ്ഥാന സർക്കാർ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും ബന്ദിനെ അനുകൂലിച്ച് രംഗത്തുവന്നു.
പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, കേരളം, ബംഗാൾ, ത്രിപുര, ബിഹാർ, തമിഴ്നാട്, ഒഡിഷ, ആന്ധ്ര, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബന്ദ് പൂർണമായിരുന്നു. പ്രധാന ദേശീയ–- സംസ്ഥാന പാതകളെല്ലാം കർഷകർ ഉപരോധിച്ചു. റെയിൽ ഗതാഗതവും തടഞ്ഞു. ആന്ധ്രയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ പാർലമെന്റ് സ്ട്രീറ്റിൽനിന്ന് ജന്ദർമന്ദറിലേക്ക് കർഷകരും ട്രേഡ്യൂണിയൻ പ്രവർത്തകരും മാർച്ച് ചെയ്തു.