തിരുവനന്തപുരം: കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് വി.എം.സുധീരൻ. ഈ നിലയിൽ മുന്നോട്ട് പോകാനാകില്ല. നേതൃത്വം തിരുത്തണം. കോൺഗ്രസ് ഹൈക്കമാൻഡ് ഒരു പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ
കേരളത്തിലെപാർട്ടിയിൽ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ പുതിയ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് ഞാൻ പ്രതികരിക്കാൻ തയ്യാറായത്. കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാൽ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങൾ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല.
തെറ്റായ പ്രവർത്തന ശൈലിമൂലം പാർട്ടിക്ക് വരുത്താവുന്ന കോട്ടം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ്. ഉചിതമായ പരിഹാരമുണ്ടാകുമോ എന്ന് ഞാൻ ഉറ്റുനോക്കും.
കോൺഗ്രസ് ദുർബലപ്പെടരുത്. ഈ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ആസാഹചര്യം ഉണ്ടാകാതിരിക്കാൻ ഹൈക്കമാൻഡിനാകട്ടെ എന്നതാണ് പ്രത്യാശയെന്നും സുധീരൻ പറഞ്ഞു.
സുധീരൻ കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹത്തിന്റെ ഉപദേശത്തിന് പാർട്ടി പ്രധാന്യം നൽകുമെന്നും താരിഖ് അൻവർ പ്രതികരിച്ചു.
നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമതിയിൽ നിന്നും എഐസിസി അംഗത്വവും സുധീരൻ രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് താരിഖ് അൻവർ സുധീരനെ അനുയയിപ്പിക്കാനായി എത്തിയത്