തിരുവനന്തപുരം> കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമര്ശനവുമായി വിഎം സുധീരന്. കോണ്ഗ്രസിന്റെ നന്മയ്ക്ക് യോജിക്കാത്ത നടപടികള് ഉണ്ടായതാണ് പ്രതികരിക്കാന് കാരണമെന്നും പാര്ട്ടിയുടെ പുതിയ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയര്ന്നില്ലെന്നും സുധീരന് പറഞ്ഞു.
പരാതികള് ചൂണ്ടിക്കാണിച്ചിട്ടും നേതൃത്വം അത് പരിഗണിച്ചില്ല. കോണ്ഗ്രസിലെ തെറ്റായ ശൈലികളും പ്രവണതകളുമാണ് ചൂണ്ടിക്കാട്ടിയത്.പാര്ട്ടിയെക്കുറിച്ചുള്ള തന്റെ ആകുലതകള് താരീഖ് അന്വറുമായി പങ്കുവെച്ചു.പാര്ട്ടിയെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനുള്ള നടപടികള് ഹൈക്കമാന്റില് നിന്നും പ്രതീക്ഷിക്കുന്നുണ്ട്. താന് ഉന്നയിച്ച പരാതികള്ക്ക് പരിഹാരം ഉണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. ഇപ്പോഴത്തെ നിലയില് മുന്നോട്ട് പോയാല് തിരിച്ചടി ഉണ്ടാകുമെന്നും സുധീരന് പറഞ്ഞു.
സുധീരന്റെ വാക്കുകള്
”താരീഖ് അന്വര് എനിക്ക് പറയാനുള്ളത് ശ്രദ്ധിച്ചുകേട്ടു. കോണ്ഗ്രസിനെ സംബന്ധിച്ച് പുതിയ നേതൃത്വം വളരെ പ്രതീക്ഷയോടെയാണ് വന്നത്. പക്ഷെ, പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങള് മുന്നോട്ട് പോകാത്ത സാഹചര്യമുണ്ടായി. തെറ്റായ ശൈലിയും പ്രവണതകളും പ്രകടമായി. അതൊന്നും സംസ്കാരത്തിന് ചേര്ന്നതല്ല. ഇതോടെയാണ് ഞാന് പ്രതികരിക്കാന് തീരുമാനിച്ചത്. കത്ത് നല്കിയെങ്കിലും മറുപടി ലഭിച്ചില്ല. ഇപ്പോഴും എന്റെ മനസിലെ കാര്യങ്ങള് വെളിപ്പെടുത്തുന്നില്ല. തെറ്റായ ശൈലികള് പാര്ട്ടിക്ക് ദോഷമായി വരും, ഇതും ഞാന് താരീഖ് അന്വറിനോട് പറഞ്ഞിട്ടുണ്ട്.”
”ഇന്ന് കേരളത്തില് നടന്നുകൊണ്ടിക്കുന്ന നടപടികള് തീരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തീരുമാനങ്ങളും നടപടികളും എങ്ങനെ വരുമെന്ന് ഞാന് കാത്തിരിക്കുകയാണ്. പറഞ്ഞ കാര്യങ്ങള്ക്ക് ഉചിതമായ പരിഹാരമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. കോണ്ഗ്രസിനെ ശരിയായ ദിശയില് മുന്നോട്ട് കൊണ്ടുപോകണം. ശക്തിപ്പെടുത്തണം. ഈ രീതിയില് മുന്നോട്ട് പോയാല് കനത്ത തിരിച്ചടിയായിരിക്കും പാര്ട്ടി നേരിടേണ്ടി വരുക. ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ഒരു നിലപാടിലും മാറ്റമില്ല.”