തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രമുഖർ, പോലീസ് ഉന്നതർ അടക്കമുള്ളവർ മോൻസൺ മാവുങ്കലുമായി ചേർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മന്ത്രിമാർ പോലീസ് ഉദ്യോഗസ്ഥർ മറ്റു ഉന്നത സ്ഥാനത്തിരിക്കുന്നവർ തുടങ്ങി നിരവധി പേരുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു എന്നാണ് വിവരം.
ഉന്നത സ്ഥാനത്തിരിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുക, പുരാവസ്തുശേഖരം എന്ന് അവകാശപ്പെടുന്ന വസ്തുക്കൾ കാണിച്ച് ഞെട്ടിക്കുക, അവരുടെ ഫോട്ടോകളെടുത്ത് പിന്നീട് തട്ടിപ്പിന് ഉപയോഗിക എന്നതായിരുന്നു രീതി. ഉന്നത ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതിനാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.
പുരാവസ്തുക്കളായി മോശയുടെ വടി, യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശിൽ 2 എണ്ണം, രാജ സിംഹാസനം, രാജാക്കന്മാരുടെ വാളുകൾ,മോതിരങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കൾ തന്റെ ശേഖരത്തിൽ ഉണ്ട് എന്നായിരുന്നു ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലിരിക്കുന്ന സിംഹാസനത്തിൽ ഇരിക്കുന്ന ലോക്നാഥ് ബെഹ്റ, തൊട്ടടുത്ത് രാജകീയ വാളുമായി നിൽക്കുന്ന എഡിജിപി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
സമ്പന്നനാണെന്ന് കാണിക്കാൻ വേണ്ടി കോടികൾ വിലമതിക്കുന്ന കാറുകളായിരുന്നു ഇയാൾഉപയോഗിച്ചിരുന്നത്. ആർക്കും ഒരു സംശയം തോന്നാത്ത രീതിയിലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും തന്റെ കൂടെ ഉണ്ട് എന്ന് വിശ്വസിപ്പിച്ചു കൊണ്ടായിരുന്നു പണം കൈകക്കലാക്കാൻ ശ്രമിച്ചിരുന്നത്.
മന്ത്രി റോഷി അഗസ്റ്റിനൊപ്പം മോൻസൺ മാവുങ്കൽ
കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് മോൻസൺന്റെ മറ്റു രാഷ്ട്രീയ ബന്ധങ്ങളും ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളും ഇപ്പോൾ ചർച്ചയാകുന്നത്.
കെ സുധാകരനുമായി മോൻസണ് അടുത്ത ബന്ധമുണ്ടെന്നും സുധാകരനെ ചുകിത്സിച്ചത് മോൻസണായിരുന്നു എന്നായിരുന്നു പരാതിക്കാരനായ ഷെമീർ പറയുന്നത്. കോസ്മെറ്റിക് ചികിത്സയിൽ എംഡി ബിരുദം ഉണ്ട് എന്നായിരുന്നു ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.
മോൻസൺ മാവുങ്കൽ/ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം
സ്വന്തം പ്രചാരണത്തിന് വേണ്ടി മന്ത്രിമാരുടെ ചിത്രങ്ങളും മോൻസൺ ഉപയോഗിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരുമായുള്ള ചിത്രങ്ങൾ ഇയാൾ ഉപയോഗിച്ചുവെന്നും റോഷി അഗസ്റ്റിന് പണം നൽകിയാൽ ഇടുക്കിയിലുള്ള റോഡ് കരാർ നൽകുമെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരൻ ഷെമീർ പറയുന്നു.
നിരവധി നേതാക്കൾ മോൻസൺ ജോൺസിന്റെ വീട്ടിൽ നിത്യ സന്ദർശകരായിരുന്നു. കെ സുധാകരൻ, ഹൈബി ഈഡൻ, ലാലി വിൻസന്റ്, മോൻസ് ജോസഫ് തുടങ്ങിയ നിരവധി പേരും ഉദ്യോഗസ്ഥരായിട്ടുള്ള ജിജി തോംസൺ, ഡിഐജി സുരേന്ദ്രൻ, എസിപി ലാൽ ജി, പോലീസ് ഉദ്യോസ്ഥർ തുടങ്ങി നിരവധി പേരുമായി ഇയാൾക്ക്ബന്ധമുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരുടേയും സാന്നിധ്യത്തിലാണ് മോൻസൺഇക്കാര്യങ്ങളൊക്കെ പറയുന്നത്. അത് കൊണ്ട് തന്നെ ഇയാളുടെ വാക്കുകളിൽ വിശ്വാസത്തിലെടുത്തുവെന്ന് പരാതിക്കാരൻ പറയുന്നു.
കെ സുധാകരനും മോൻസൺ മാവുങ്കലും
പ്രമുഖരായ നടി നടന്മാരുടെ കൂടെ ഇയാൾ നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
രാഷ്ട്രീയ പോലീസ് ഉന്നതബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഇയാൾ ഇത്രയും കാലം തട്ടിപ്പ് നടത്തിയത്. കെ സുധാകരൻ അടക്കമുള്ളവർക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ട് എന്ന് നേരത്തെ തന്നെ പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഡൽഹിയിൽ അടക്കമുള്ള ചർച്ചകളിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്തിരുന്നുവെന്നും പരാതിക്കാർ വ്യക്തമാക്കുന്നു.
എന്നാൽ തനിക്കെതിരെയുള്ള പരാതിക്കഥ കെട്ടിച്ചമച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണ് കെ സുധാരൻ പറയുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെട്ടതിന് തെളിവുണ്ട് എന്നുമായിരുന്നു കെ സുധാകരൻ പറഞ്ഞത്.