കോഴിക്കോട്> പുരാവസ്തു വില്പ്പനക്കാരനെന്ന പേരില് പത്തുകോടി രൂപയുടെ വെട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന് പണം കൈമാറിയത് കെപിസിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തിലെന്ന് തട്ടിപ്പിനിരയായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷമീര്. കെപിസിസി പ്രസിഡന്റായ ശേഷവും സുധാകരനുമായി മോന്സണ് അടുത്ത ബന്ധം തുടരുന്നുണ്ടെന്നും ഷമീര് പറഞ്ഞു.
60 ലക്ഷം രൂപയാണ് ഷെരീഫിന് നഷ്ടമായത്. തട്ടിപ്പ് സുധാകരനെ അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ല. സര്ക്കാര് അന്വേഷണത്തില് തൃപ്തനാണെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷമീര് വാര്ത്താലേഖകരോട് പറഞ്ഞു.
മോന്സണെതിരെ പരാതി കൊടുത്ത ആറുപേരില് ഒരാളാണ് ഷമീര്. 2018 സെപ്തംബര് മുതല് 2021 മാര്ച്ച് വരെ തവണകളായാണ് മോന്സണ് പണം കൈപ്പറ്റിയത്. കോഴിക്കോട് സ്വദേശിയായ യാക്കൂബിന് രണ്ട് കോടി പത്ത് ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസില് മോന്സണ് പൊലീസ് കസ്റ്റഡിയിലാണ്. സുധാകരനുമായി മോന്സണ് മാവുങ്കലിന്റെ ബന്ധം വെളിപ്പെടുന്ന ചിത്രങ്ങള് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ചിത്രങ്ങള് പുറത്തുവിട്ടത് പരാതിക്കാര് തന്നെയാണ്. കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞ് സുധാകരനെ മോന്സണ് 10 ദിവസം ചികിത്സിച്ചെന്നും ഇയാള്ക്കായി ഡല്ഹില് ഇടപെടലുകള് നടത്തിയിരുന്നതായും പരാതിക്കാര് പറയുന്നു. സുധാകരന് തട്ടിപ്പിലുള്ള ബന്ധം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്ക്ക് പരാതി നല്കുമെന്ന് ഷെമീര് പറഞ്ഞു. യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ രാജകുടുംബങ്ങള്ക്ക് പുരാവസ്തുക്കള് കൈമറായ വകയില് 2,62,000 കോടി രൂപ തന്റെ അക്കൗണ്ടില് എത്തിയിട്ടുണ്ടെന്നും സാങ്കേതിക കുരുക്കഴിച്ച് പണം സ്വന്തമാക്കാനുള്ള ചെലവിന് തുക വേണമെന്നും ഇയാള് പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് പണം നല്കിയവരെയാണ് മോന്സണ് തട്ടിപ്പിന് ഇരയാക്കിയത്.