തിരുവനന്തപുരം: കഴിഞ്ഞ 50 വർഷത്തിനിടെ സ്ലോട്ട് വെച്ച് കെ.പി.സി.സി പ്രസിഡന്റിനെ കാണേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുല്ലപ്പള്ളിക്ക് 20 മിനിറ്റ് സമയം അനുവദിച്ചെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള സമവായ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
മുല്ലപ്പള്ളി ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന്കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ സീനിയർ നേതാക്കന്മാർ ആരും താൻ വിളിച്ചാൽ ഫോൺ എടുക്കാറില്ല എന്ന പരാതി പറയാറില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെ.പി.സി.സി അധ്യക്ഷൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല.
സുധീരൻ തന്റെ ആത്മ സുഹൃത്താണ്. ഒരുപാട് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന നേതാവാണ് വി.എം സുധീരൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പൂർണമായും ഉൾക്കൊണ്ട് മാത്രമേ പാർട്ടിക്ക് മുന്നോട്ട് പോകാനാവുകയുള്ളു. എല്ലാ സീനിയർ നേതാക്കളെയും പാർട്ടി ഉൾകൊള്ളണം. എല്ലാവരെയും ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് പോകണം. ഇതൊരു ജനാധിപത്യ പാർട്ടിയാണെന്നും മുല്ലപ്പള്ളി ഓർമ്മിപ്പിച്ചു.
വി.എം സുധീരനുമായും ചർച്ച നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പാർട്ടി മുന്നോട്ട് പോകും. മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച ചെയ്യും. മുല്ലപ്പള്ളിയുടെ നിർദേശങ്ങൾ പാർട്ടിക്ക് അനിവാര്യമാണെന്നും താരിഖ് അൻവർ വ്യക്തമാക്കി.
Content Highlights: Mullappally Ramachandran, VM Sudheeran, Congress