കണ്ണൂർ: മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിലെ ആരോപണങ്ങൾ നിഷേധിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തിൽ ഒരു തരത്തിലുള്ള പങ്കാളിത്തവുമില്ലെന്നും സുധാകരൻ പറഞ്ഞു. ആരോപണത്തിന് പിന്നിൽ ഒരു കറുത്ത ശക്തിയുണ്ടെന്ന് വ്യക്തമാണ്. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാൽ കുറ്റംപറയാൻ പറ്റുമോ എന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
ഡോക്ടർ മോൻസണുമായി ബന്ധമുണ്ട്. അഞ്ചോ ആറോ തവണ വീട്ടിൽ പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഒരു ഡോക്ടർ എന്ന നിലക്കാണ് കാണാൻ പോയത്. അവിടെ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടിലെ പുരാവസ്തുക്കൾ കണ്ടത്. ഒരു വലിയ ശേഖരം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. കോടികൾ വിലയുള്ളത് എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കാണാൻ പോയി എന്നതിനപ്പുറത്ത് ഈ പറയുന്ന കക്ഷികളുമായി യാതൊരു ബന്ധവുമില്ല. തന്നോട് സംസാരിച്ചു എന്ന് പറയുന്ന വ്യക്തി കറുത്തിട്ടോ വെളുത്തിട്ടോ എന്ന് പോലും അറിയില്ലെന്നും മോൻസണിന്റെ വിട്ടിൽവെച്ച് ഇത്തരം ചർച്ചഒരു കാലത്തും നടത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ആരോപണങ്ങൾക്ക് പിന്നിൽ ഒരു കറുത്ത ശക്തിയുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മൂന്ന് നാല് തവണ ഈ പയ്യനെ വിളിച്ചുവെന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിക്കുന്നത് ? മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. അത് ശരിയാണെങ്കിൽ അതിന് പിന്നിൽ ഒരു ഗൂഢാലോചനയുണ്ട്.
2018ലാണ് സംഭവമെങ്കിൽ വേറെ ഏതോ കെ.സുധാകരൻ എംപിയാണെന്നാണ് തോന്നുന്നത്. 2018ൽ ഞാൻ എംപിയല്ലല്ലോ? 2019ൽ വേറെ ഏതെങ്കിലും കെ.സുധാകരൻ എംപിയുണ്ടോയെന്ന് എനിക്കറിയില്ല. പാലമെന്റ് ഏത് കമ്മറ്റിയിലാണ് ഞാൻ അംഗമായിരുന്നത് ? ഫിനാൻസ് കമ്മറ്റി എന്നാണ് പറയുന്നത്. ഏത് ഫിനാൻസ് കമ്മറ്റി ? ഞാൻ ജീവിതത്തിൽ ഇതുവരെ ഒരു കമ്മറ്റിൽ അംഗമായി ഇരുന്നിട്ടില്ല. എംപി ആയിരുന്ന കാലത്തും ആയിട്ടില്ല. എംപി അല്ലാത്തപ്പോൾ സ്വാഭാവികമായും അങ്ങനെ ഒരു കമ്മറ്റിയിൽ വരില്ലല്ലോ? എല്ലാം ബാലിശമായ ആരോപണങ്ങളാണ്.
22ന് ഉച്ചക്കാണ് പരാതിക്കാരനുമായി സംസാരിച്ചതെന്നാണ് പരയുന്നത്. സഹപ്രവർത്തകൻ ഷാനവാസ് മരിച്ചത് 21നാണ്. 22നാണ് ഖബറടക്കം. അത് കഴിയുമ്പോൾ തന്നെ മൂന്ന് മണിയായി. അതിന് ശേഷം അനുശോചന യോഗവും ചേർന്നാണ് ഷാനവാസിന്റെ മരണവിട്ടിൽ നിന്ന് പോകുന്നത്. അപ്പോൾ രണ്ട് മണിക്ക് ചർച്ച നടത്തിയ സുധാകരനെ കണ്ടെത്തണം. ഈ പറയുന്ന തീയതിയിൽ ഞാനാണ് സുധാകരനെങ്കിൽ ഞാനന്ന് ഷാനവാസിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയാണ്.
ഇതൊരു കെട്ടിച്ചമച്ച കഥയാണെന്നും അദ്ദേഹം ആരോപിച്ചു. കഥക്ക് പിന്നിൽ പരാതിക്കാരന്റെ ബുദ്ധിയല്ല. ബുദ്ധിക്ക് പിറകിലുള്ള ഒരു കറുത്ത ശക്തി വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഈ ഒരു കേസ് അന്വേഷിക്കാൻ, തെളിവ് കൊടുപ്പിക്കാൻ മുഖ്യമന്ത്രിയുടെ സെക്രട്ടറി നടത്തുന്ന ധൃതിയും ജാഗ്രതയും സ്വർണക്കടത്തിലോ ഡോളർ കടത്തിലോ ഒന്നും എന്തേ ഇല്ലാതെ പോയത്. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രുയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാൽ കുറ്റംപറയാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
Content Highlights:K. Sudhakaran against allegations connecting with Monson Mavunkal