തിരുവനന്തപുരം: തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ സഹായിക്കാൻ കേസ് അന്വേഷണത്തിൽ ഇടപെട്ടതിന് ഐജി ലക്ഷ്മണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 2020 ഓക്ടോബറിലാണ് എഡിജിപി ലക്ഷ്മണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
മോൻസണെതിരെ ചേർത്തല പോലീസ് സ്റ്റേഷനിൽ രണ്ട് പരാതികൾ രജിസ്റ്റർ ചെയ്തിരുന്നു. ആലപ്പുഴ എസ്.പി. ഈ രണ്ട് കേസും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ഈ അന്വേഷണം മരവിപ്പിക്കാൻ ജി. ലക്ഷ്മണ ഇടപെടുകയും ഇതിനെ തുടർന്ന് ക്രൈംബ്രാഞ്ചിലേക്ക് വിട്ട നടപടി റദ്ദാകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് എഡിജിപി മനോജ് എബ്രഹാം ലക്ഷ്മണയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
കേസിൽ ഇടപെട്ടതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. അധികാരപരിധിയിൽ പെടാത്ത കേസിൽ ഇടപെടാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്.
ഇപ്പോൾ മോൻസണിന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലക്ഷ്മണയുടെ പേര് ഉയർന്നുവന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് തന്നെയാണ് മുൻപ് ലക്ഷ്മണയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു എന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Content Highligts:Intervened to help Monson; ADGP had sought an explanation from Lakshmana