ചേർത്തല:100 കോടി രൂപ പലിശയില്ലാതെ വായ്പ നൽകാം എന്ന് വാഗ്ദാനംചെയ്ത് ആലപ്പുഴ സ്വദേശിയിൽ നിന്ന് മോൻസൺ മാവുങ്കൽ 6.27 കോടി രൂപ തട്ടിയെടുത്തതായി പരാതി. ബ്രൂണെ സുൽത്താന് കിരീടം വിറ്റവകയിൽ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ടെന്നും അതിലേക്കായി തത്കാലം ഫെമ പിഴ അടയ്ക്കാൻ വേണം എന്ന തരത്തിൽ തെളിവുകൾ ഹാജരാക്കിയാണ് പണം തട്ടിയത്. പകരം ബാങ്ക് വായ്പയും വാഗ്ദാനം ചെയ്തു. ബാങ്കിന്റെ രേഖകളടക്കം വിശ്വാസം വരാനായി നൽകിയെന്നും പരാതിക്കാരിൽ ഉൾപ്പെടുന്നഷാജി പറയുന്നു.
ഫെമ തടഞ്ഞതിനാൽ പിഴ അടച്ചാലേപണം കിട്ടൂ എന്ന് വിശ്വസിപ്പിച്ചാണ് തങ്ങളിൽ നിന്ന് പണം തട്ടിയതെന്ന് ഷാജി പറയുന്നു. ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാകുന്നത്. അങ്ങനെയാണ് വാഹനങ്ങളുടെ മൂല്യനിർണയം അവർ നടത്തിയത്. അവർ നടത്തിയ വാലുവേഷനിൽ ആകെ 25 ലക്ഷം രൂപയാണ് വാഹനങ്ങൾക്കെല്ലാം കൂടി വിലയിട്ടത്. ചേർത്തല സിഐക്ക് തങ്ങൾക്കെതിരെ മോൻസൺ നൽകിയ പരാതിയിൽ 25 വാഹനങ്ങൾ ലീസിന് നൽകിയ വകയിൽ ഒരുകോടി രൂപ ഞങ്ങൾ നൽകിയെന്നും ബാക്കി ഏഴ് കോടി നൽകണമെന്നുമായിരുന്നു കേസ്. പൈസ ഞങ്ങൾ അയച്ചത് മോൻസണിന്റെ മേക്കപ്പ്മാൻ ജോഷി, ഡ്രൈവർ അജിത് എന്നിവർക്കാണ്. അജിത് പിന്നീട് മോൻസണുമായി തെറ്റിപ്പിരിഞ്ഞു.
പ്രമുഖ വ്യക്തികളുടെ അടുത്ത് പറ്റിക്കൂടി ഫോട്ടോ എടുക്കും. അതുകാണിച്ച് വീട്ടിലേക്ക് ക്ഷണിക്കും. വാങ്ങിയ പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് പന്തളം പോലീസിൽ കേസ് നൽകുന്നതെന്ന് ഷാജി പറഞ്ഞു. അതിന് മുമ്പായി കുറേ പഴയ വാഹനങ്ങൾ യാർഡിൽ കൊണ്ടുവന്ന് ഇട്ടു. പന്തളത്ത് കേസ് നൽകിയതിന് പിന്നാലെ മോൻസൺ ചേർത്തല പോലീസിൽ തനിക്കെതിരായി പരാതി നൽകി. ഡിവൈഎസ്പി സുഭാഷിനും ആലപ്പുഴ എസ്.പിക്കും പരാതി നൽകി.
പ്രമുഖരെ ബന്ധപ്പെടുകയും അവരെ ഫോണിൽ വിളിക്കുകയും ബന്ധം സ്ഥാപിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും പതിവാക്കി. അതിന് ശേഷം ബന്ധങ്ങൾ കാട്ടി തട്ടിപ്പിന് ഉപയോഗിക്കുന്നു. പഴയ ഓടാത്ത ആഡംബര വാഹനങ്ങൾ കാശുകൊടുത്ത് വാങ്ങി വീട്ടിന് മുന്നിലിടുക. എന്നിട്ട് ആഡംബരത്തിന്റെ അടയാളമാക്കിആളുകളെ തെറ്റിദ്ധരിപ്പിക്കുക. താൻ കോടീശ്വരനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാർഗങ്ങളിൽ ഒന്നായി മോൻസൺ ഉപയോഗിച്ചു. അങ്ങനെ ആളുകളിൽനിന്ന് പണം തട്ടുകയാണ് പതിവ് രീതി.