തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിക്ക് പിന്നാലെ എ.ഐ.സി.സി അംഗത്വവും രാജിവെച്ച് വി.എം സുധീരൻ. രാജിക്കത്ത് സോണിയ ഗാന്ധിക്ക് നേരത്തെ അയച്ചു. സംസ്ഥാന നേതൃത്വത്തോടുള്ള എതിർപ്പാണ് സുധീരന്റെ നടപടിക്ക് പിന്നിൽ.
കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പലവിഷയങ്ങളിലും വി.എം സുധീരന് കെ.പി.സി.സി നേതൃത്വവുമായി എതിർപ്പുണ്ടായിരുന്നു. എ, ഐ ഗ്രൂപ്പുകൾ ശക്തമായ എതിർപ്പുമായി വന്ന സാഹചര്യത്തിലാണ് അദ്ദേഹം നിശബ്ദനായി ഇരുന്നത്. എന്നാൽ തുടർന്ന് എടുത്ത പല തീരുമാനങ്ങളിലും സംസ്ഥാന നേതൃത്വം അദ്ദേഹത്തോട്ആലോചിക്കാത്തതാണ്ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
എ.ഐ.സി.സി നേതൃത്വവും തന്നെ അവഗണിച്ചുവെന്ന പരാതി വി.എം സുധീരനുണ്ട്. രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് ഒഴിഞ്ഞ അന്നുതന്നെ എ.ഐ.സി.സി സ്ഥാനവും രാജിവെച്ചുകൊണ്ടുള്ള മെയിൽ അയച്ചിരുന്നു. എന്നാൽ ഇത് ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെടുന്നത്. ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന നിലപാടാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ, വി.എം. സുധീരനെ അനുനയിപ്പിച്ച് അദ്ദേഹത്തെ വീണ്ടും പാർട്ടിയിലേക്ക് കൊണ്ടുവരണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അതോടൊപ്പം, സംസ്ഥാന നേതൃത്വത്തിന് ഗ്രൂപ്പുകൾക്ക് അതീതമായിട്ടുള്ള ഒരു നേതൃത്വത്തിനെ ഉയർത്തിക്കൊണ്ടുവരാനുള്ള പിന്തുണ നൽകാനുമാണ് ഹൈക്കമാന്റ് തീരുമാനം. മുതിർന്ന നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള നീക്കങ്ങൾ നടത്തണമെന്ന് ഹൈക്കമാൻഡ്സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. കേരളത്തിലുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വി.എം സുധീരനോട് ചർച്ച നടത്തിയേക്കും.
Content Highlights: Congress leader VM Sudheeran resigns from AICC