തിരുവനന്തപുരം > കോവിഡ് കാലത്ത് ആശങ്കയില്ലാതെ കുട്ടികളെ സ്കൂളിലെത്തിക്കാൻ ‘അതിജീവനം’ പദ്ധതി. സമഗ്രശിക്ഷാ കേരള (എസ്എസ്കെ) യൂണിസെഫിന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. രക്ഷിതാക്കൾക്കും കൗൺസലിങ്ങുണ്ടാകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പങ്കെടുത്തുള്ള ഗവേണിങ് കൗൺസിൽ പദ്ധതിയുടെ മൊഡ്യൂളിന് അംഗീകാരം നൽകി. കുട്ടികളുടെ ഉൽക്കണ്ഠയും ഭയവും മാറ്റിയെടുക്കാനുള്ള പരിശീലനമാണ് പ്രധാനം. രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രത, ശുചിത്വ പരിപാലനം, കുട്ടികൾക്ക് നൽകേണ്ട മാനസിക പിന്തുണ എന്നിവയും പരിശീലിപ്പിക്കും.
മടിച്ചിരുന്നാൽ കണ്ടെത്തും
ഇടവേളയ്ക്കുശേഷം സ്കൂൾ തുറക്കുമ്പോൾ ക്ലാസിലെത്താൻ മടിയുള്ളവരെ കണ്ടെത്താൻ എസ്എസ്കെ സർവേ ആരംഭിച്ചു. സർവേക്ക് യൂണിസെഫിന്റെ സഹായവുമുണ്ട്. കണ്ടെത്തുന്ന വിദ്യാർഥികൾക്ക് പഠനോപകരണവും മറ്റ് അടിസ്ഥാനസൗകര്യവും ലഭ്യമാക്കി സ്കൂളിലെത്തിക്കും.
ഒപ്പം ഒന്നരവർഷത്തെ ഓൺലൈൻ പഠനത്തിന്റെ മികവ് വിലയിരുത്താൻ സ്കൂളിലെത്തുന്ന ആദ്യ ദിവസങ്ങളിൽ കുട്ടികൾക്ക് വർക്ഷീറ്റ് നൽകും. എസ്എസ്കെയിലെ നാലായിരത്തോളം ബിആർസി ട്രെയിനേഴ്സ്, സ്പെഷലിസ്റ്റ് അധ്യാപകർ, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള അധ്യാപകർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് എസ്എസ്കെ ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ പറഞ്ഞു.