കൊച്ചി > യേശുവിനെ ഒറ്റുകൊടുത്ത വെള്ളിക്കാശിൽ രണ്ടെണ്ണം, യേശുവിന്റെ തിരുവസ്ത്രത്തിന്റെ ഒരുഭാഗം, ടിപ്പു സുൽത്താന്റെ സിംഹാസനം, മോശയുടെ അംശവടി, രവിവർമയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടി അവർ വരച്ച യഥാർഥ ചിത്രങ്ങൾ… 10 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ചേർത്തല സ്വദേശി മോൻസൺ മാവുങ്കൽ കൈവശമുണ്ടെന്ന് അവകാശപ്പെട്ട പുരാവസ്തുക്കളുടെ നീണ്ടപട്ടികയാണിത്. ഇതെല്ലാം തേടി അതിസമ്പന്നർ കൊച്ചിയിൽ എത്തിയതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, ഇതിൽ പലതും മോൻസന് നിർമിച്ചുനൽകിയത് തിരുവനന്തപുരത്തെ ആശാരിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
അപൂർവമായ പുരാവസ്തുക്കൾ അന്വേഷിക്കുന്നവർക്കെല്ലാം, മോൻസൺ മാവുങ്കലിനെ അറിയാം. ലോകത്തെ പല അമൂല്യശേഖരങ്ങളും തന്റെ കൈയിലുണ്ടെന്നാണ് മോൻസൺ അവകാശപ്പെട്ടിരുന്നത്. കൊച്ചി കലൂർ വൈലോപ്പിള്ളി ലെയ്നിലെ വീടിനടുത്തുള്ള മ്യൂസിയത്തിലാണ് മോൻസന്റെ ‘അപൂർവശേഖരം’. 50,000 രൂപയാണ് മ്യൂസിയത്തിന്റെ മാസവാടക.
കവാടം ചുവർചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഗേറ്റിൽ ബൈബിളിന്റെയും ഭഗവദ്ഗീതയുടെയും ഖുർആന്റെയും ചിത്രങ്ങൾ. മതിലുകളിൽ ഹിന്ദുപുരാണ കഥാപാത്രങ്ങൾ നിറഞ്ഞ ചിത്രങ്ങൾ. കവാടത്തിൽ മോൻസൺ അലങ്കരിക്കുന്ന പദവികൾ ഓരോന്നായി എഴുതിത്തൂക്കിയിട്ടുണ്ട്.
വേൾഡ് പീസ് കൗൺസിൽ അംഗം, ഹ്യൂമൺറൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ വൈസ് ചെയർമാൻ, മോൻസൺ എഡിഷൻ ചെയർമാൻ, കലിംഗ കല്യാൺ ചെയർമാൻ, കോസ്മോസ് ഗ്രൂപ്പ് ചെയർമാൻ, പ്രവാസി മലയാളം ഫെഡറേഷൻ ചെയർമാൻ എന്നിങ്ങനെ പോകുന്നു അലങ്കരിക്കുന്ന പദവികൾ. മ്യൂസിയത്തിൽ പ്രവേശിച്ചാൽ പത്തിലധികം ആഡംബരവാഹനങ്ങൾ കാണാം. സുരക്ഷയ്ക്കായി അംഗരക്ഷകരും വില കൂടിയ വിദേശനായകളും ഇവിടെയുണ്ട്.
മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത് കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കളെന്ന് അവകാശപ്പെടുന്ന വസ്തുക്കൾ. രാജ്യത്തെ ആദ്യ ടെലിഫോണും മൈസൂർ രാജാവിൽനിന്ന് സമ്മാനമായി ലഭിച്ച പുരാതന ക്ലോക്കും കൈയിലുണ്ടെന്നും അവകാശപ്പെട്ടിരുന്നു. അത്യാധുനിക ആഡംബര കാറായ പോർഷെമുതൽ മുപ്പതോളം കാറുകളും സ്വന്തമായുണ്ട്. കോൺഗ്രസിന്റെ ഉന്നതനേതാക്കളുമായും സിനിമാതാരങ്ങളുമായും ഇയാൾക്ക് ബന്ധമുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.