തിരുവനന്തപുരം: സംസ്ഥാനം ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന തുറമുഖമാണ് വിഴിഞ്ഞം. അതിനേക്കുറിച്ച്കേരളത്തിനുള്ള പ്രതീക്ഷകൾവലുതാണ്. ഏറെ കടമ്പകൾ കടന്നാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലംവരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്.
നിർമാണം പൂർത്തിയായി പൂർണസജ്ജമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധ്യതയുള്ള തുറമുഖമായി മാറും ഇത്. വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് അന്താരാഷ്ട്ര കപ്പൽചാലുള്ളത്. ഈ ദൂരം തന്നെയാണ് വിഴിഞ്ഞത്തിന്റെ പ്ലസ് പോയിന്റ്. കേരളത്തിലെ പ്രധാന തുറമുഖമായ കൊച്ചിക്ക് പോലും ഈയൊരു മുൻതൂക്കമില്ല.
കേരള ചരിത്രത്തിൽ വിഴിഞ്ഞത്തിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. എട്ടാം നൂറ്റാണ്ടുമുതൽ 14-ാം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ കീഴിലായിരുന്ന തെക്കൻ കേരളത്തിലെ സുപ്രധാന തുറമുഖമായിരുന്നു വിഴിഞ്ഞം. ആ രാജ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായിത്തീർന്ന തുറമുഖം പിന്നീട് ചോളന്മാരുടെ ആക്രമണത്തിൽ തകരുകയായിരുന്നു.
വിഴിഞ്ഞത്തിന്റെ ശനിദശ
സർ സി.പി. രാമസ്വാമി അയ്യർ, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ടുപിടിച്ചതാണു വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ. എന്നാൽ ഇന്ത്യക്കു് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും അതിൽനിന്ന് ഒരുചുവടുപോലും മുന്നോട്ടുപോകാനാകാതെ നിൽക്കുകയാണ് കേരളം. വിഴിഞ്ഞം യാഥാർഥ്യമാകാതിരിക്കാൻ വർഷങ്ങളായി മറ്റ് അന്താരാഷ്ട്ര തുറമുഖ ഏജൻസികൾപണി പതിനെട്ടും പയറ്റിയ ശേഷമാണ് ഇപ്പോൾ തുറമുഖ നിർമാണം ആരംഭിച്ചിരിക്കുന്നത്.
ആദ്യം 2012ൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഏറെക്കാലം പിന്നെ അതേപ്പറ്റി ഒന്നും കേട്ടില്ല. പിന്നീട് മൂന്ന് വർഷങ്ങൾ കഴിഞ്ഞ് 2015ലാണ് ഏറെ വിവാദങ്ങൾക്കൊടുവിൽ അദാനിയുമായി സംസ്ഥാന സർക്കാർ തുറമുഖ നിർമാണത്തിന് കരാർ ഒപ്പിടുന്നത്. ആയിരം ദിനങ്ങൾ കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാകുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. അതുപ്രകാരം 2019ൽ നിർമാണം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ഇപ്പോഴും പദ്ധതി ഇഴഞ്ഞുതന്നെ നീങ്ങുന്നു.
തുറമുഖ നിർമാണത്തിന് വേണ്ട പുലിമുട്ടുകൾ സ്ഥാപിക്കൽ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ആകെ വേണ്ട 3100 മീറ്റർ നീളത്തിൽ പുലിമുട്ട് സ്ഥാപിക്കേണ്ടതിൽ അഞ്ചുവർഷം കൊണ്ട് 850 മീറ്റർ നീളത്തിൽ മാത്രമെ പൂർത്തിയാക്കാൻ സാധിച്ചുള്ളു.
ഓഖി, രണ്ട് പ്രളയം, കോവിഡ്, അതിനിടെ ടൗട്ടെ ചുഴലിക്കാറ്റ് എന്നിവയെല്ലാം കാരണം നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതായാണ് അദാനി ഗ്രൂപ്പ് വാദിക്കുന്നത്. ഓഖി, ടൗട്ടെ ചുഴലിക്കാറ്റുകളെ തുടർന്ന് സ്ഥാപിച്ച പുലിമുട്ടുകളിൽ നല്ലൊരു ശതമാനം ഒഴുകിപ്പോയി. ശക്തമായ തിരമാലയുംനിർമാണത്തിനെത്തിച്ച കൂറ്റൻ ടഗ്ഗുകൾ കടലിൽ മറിഞ്ഞതുമൊക്കെ തുറമുഖ നിർമാണത്തെ തടസ്സപ്പെടുത്തി.
കോവിഡും പ്രളയവും ഒക്കെ വന്നതുമൂലം നിർമാണ പ്രവർത്തനങ്ങൾ വീണ്ടും സാവധാനമായി. അതിനിടെ പുലിമുട്ട് നിർമാണത്തിനാവശ്യമായ കല്ലുകൾ ലഭ്യമാകാതെ വന്നതും പ്രദേശവാസികളുടെ സമരങ്ങളും ഒക്കെ നിർമാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതായി അദാനി ഗ്രൂപ്പ് പറയുന്നു. ഇനി 2023ൽ മാത്രമെ ആദ്യഘട്ടം പൂർത്തിയാക്കാനാകൂ എന്നാണ് അവർ പറയുന്നത്.
കേരളത്തിൽ കല്ലുകളുടെ ക്ഷാമം നേരിട്ടതോടെ തമിഴ്നാട്ടിൽ നിന്ന് കല്ലുകൾ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചു. എന്നാൽ ഇതിലും ഇടയ്ക്ക് തടസ്സം നേരിട്ടു. പ്രതിദിനം 15000 മെട്രിക് ടൺ പാറയാണ് പുലിമുട്ട് നിർമാണത്തിനായി വേണ്ടി വരിക.
ചുഴലിക്കാറ്റുകളും കടൽക്ഷോഭവുമൊക്കെ തുറമുഖ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്നു പറയുന്നത് പൂർണമായും ശരിയല്ല. നിർമ്മാണത്തിലിരുന്ന പുലിമുട്ടിന്റെ കുറെഭാഗം കടൽക്ഷോഭത്തിൽ ഒഴുകിപ്പോയത് ശരിയാണ്. എന്നാൽ നിർമ്മാണം അപ്പാടെ നിലയ്ക്കാൻ കാരണം പ്രതികൂല കാലാവസ്ഥയാണെന്നു പറയുന്നത് യാഥാർഥ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ മേൽനോട്ടമില്ലാതെ പോയത് ഒരു കാരണമായി പറയാം. അതിനൊപ്പം നിർമ്മാണ കമ്പനിയുടെ മെല്ലെപ്പോക്കു കൂടിയായപ്പോൾ വിഴിഞ്ഞം സ്വപ്നങ്ങൾക്ക് ആമവേഗമായി.
സർക്കാരിന്റെ അനാസ്ഥകൾ
വൻപദ്ധതികൾ നടപ്പിലാക്കുമ്പോൾ അപ്രതീക്ഷിതമായി പ്രാദേശികമായ എതിർപ്പുകളും സമരങ്ങളുമൊക്കെ ഉണ്ടാകാം. എന്നാൽ അത് പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ തുടക്കം മുതൽ നിയോഗിക്കേണ്ടതായിരുന്നു. എന്നാൽ നിർമാണം ഏറെ വൈകിയെന്ന് കണ്ടപ്പോഴാണ് സർക്കാർ മുൻ ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. പദ്ധതി പ്രദേശത്ത് സർക്കാരിന്റെ സ്പെഷ്യൽ ഓഫീസറുടെ ഓഫീസും ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യവും തുടക്കം മുതലേ ഉണ്ടാകേണ്ടതായിരുന്നു. അതില്ലാതെ പോയതിന്റെ ദുരവസ്ഥയാണ് നിർമ്മാണത്തിൽ ഉടനീളം കാണാനാവുന്നത്.
2023ൽ പദ്ധതി യാഥാർഥ്യമാകുമെന്നാണ് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറയുന്നത്. ഇനിയുള്ള രണ്ടുവർഷം തട്ടുംതടയുമില്ലാതെ കാര്യങ്ങൾ മുന്നോട്ടുപോയെങ്കിൽ മാത്രമേ അതൊക്കെ സാധ്യമാകുകയുള്ളു. പുലിമുട്ട് നിർമാണത്തിന് പാറഖനനവും മറ്റും പ്രതിസന്ധിയുണ്ടാക്കുമെന്ന് മുൻകൂട്ടി കാണാൻ സർക്കാർ ശ്രമിച്ചില്ല. അവസാനം, ഏറെ വൈകിയാണ് തമിഴ്നാട്ടിൽ നിന്ന് പാറ എത്തിക്കാനുള്ള ധാരണയായത്.
പുലിമുട്ട് നിർമാണം പൂർത്തിയായാൽ ശേഷിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തങ്ങളാണ്. തുറമുഖ പ്രദേശവുമായി റെയിൽ റോഡ് ബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. എന്നാൽ ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് പ്രത്യേക റെയിൽപാത നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല. തുറമുഖ നിർമ്മാണത്തിനൊപ്പം തുടങ്ങിയിരുന്നെങ്കിൽ ഇതിനകം അതും പൂർത്തിയാകേണ്ടതായിരുന്നു. ദീർഘവീക്ഷണമില്ലായ്മയും ആസൂത്രണത്തിന്റെ അഭാവവും എടുത്തുകാട്ടുന്നതാണ് ഇതൊക്കെ.
വിഴിഞ്ഞം വന്നാൽ ലഭിക്കുന്ന നേട്ടങ്ങൾ
രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് ടെർമിനലായ വിഴിഞ്ഞം പോർട്ട് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ തുറമുഖ പദ്ധതിയാണിത്. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു (20 അടി തുല്യമായ യൂണിറ്റുകൾ) കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാവുക. നിലവിലുള്ള 800 മീറ്റർ ബെർത്ത് ഭാവിയിൽ2000 മീറ്ററാക്കി വർദ്ധിപ്പിക്കും. ഇതോടെ മൂന്ന്ദശലക്ഷം ടി.ഇ.യു ആയി ശേഷി വർദ്ധിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നേട്ടമുണ്ടാകും. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്ക് പകരം വിഴിഞ്ഞം വഴി ട്രാൻസ്ഷിപ്മെന്റ് നടത്തുമ്പോൾ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും. അന്താരാഷ്ട്ര കപ്പൽ ചാനലിന് 10 മൈൽ മാത്രം അകലെയാണെന്നതും 18 മീറ്റർ സ്വാഭാവികമായ ആഴമെന്നതും വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ വിവിധ മേഖലകളിൽ തിരുവനന്തപുരത്ത് വികസനക്കുതിപ്പുണ്ടാകും. നിരവധി പേർക്ക് അനുബന്ധ തൊഴിലവസരങ്ങൾ ഉണ്ടാകും.
ഷിപ്പിങ്ഏജന്റുമാർ, ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ടേഷൻ സർവീസുകൾ, ഗോഡൗണുകൾ, കപ്പൽ മെയിന്റനൻസ്, കുടിവെള്ള പദ്ധതികൾ, വൈദ്യുതി വിതരണം, ഗതാഗതം, താമസ സൗകര്യം, ഹോട്ടൽ, ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെ ആവശ്യമായി വരും. ഇതിലൂടെ സർക്കാരിന് നികുതി വരുമാനവും നിരവധി പേർക്ക് തൊഴിലവസരവും ലഭിക്കും. തുറമുഖത്തിനാവശ്യമായ സേവനമേഖലയിലെ നിരവധി പ്രവൃത്തികൾ ആവശ്യമായി വരുന്നതിനാൽ തിരുവനന്തപുരത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് ഗുണമാകും.
പദ്ധതി വൈകുമ്പോൾ നേട്ടം ചൈനയ്ക്ക്
2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി വൈകുന്നത് ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖത്തിനാണ് ഗുണം ചെയ്യുക. വിഴിഞ്ഞത്തോട്കിടപിടിക്കുന്നതാണ് ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖം. വിഴിഞ്ഞം തുറമുഖ നിർമ്മാണം വൈകുന്നത് പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്കുള്ള ഗതാഗത സാധ്യതകൾ ഒരുകളം മുൻകൂട്ടി കയറി കളിക്കാനാണ് ശ്രീലങ്കൻ നീക്കം. നിലവിൽ ദുബയ്, സിംഗപ്പൂർ, കൊളംബോ തുറമുഖങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയിലെ വിദേശവ്യാപാര മേഖല പ്രവർത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖം പൂർത്തിയായാൽ ഈ തുറമുഖങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനം പൂർണമായും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.
വിഴിഞ്ഞത്തേപ്പോലെ അന്താരാഷ്ട്ര കപ്പൽ ചാലിന് സമീപത്താണ് ഹംബൻതോട്ട തുറമുഖം. സ്വാഭാവിക ആഴം 17 മീറ്ററും. അതിനാൽ വിഴിഞ്ഞം പൂർത്തിയാകുന്നതുവരെ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ ശ്രീലങ്കയിലേക്ക് തിരിയും. ഭാവിയിൽ അവരെ വിഴിഞ്ഞത്തേക്ക് കൊണ്ടുവരിക ബുദ്ധിമുട്ടേറിയ പരിശ്രമമായി തീരും.
ആശങ്കയിൽ കടലേറ്റം
വിഴിഞ്ഞം തുറമുഖനിർമാണം നടക്കുന്നതിനൊപ്പം പ്രദേശവാസികൾ ആശങ്കപ്പെടുന്നത് തീരം കടലെടുക്കുന്നതിനെയാണ്. ഒരോ മഴക്കാലത്തും കടൽ കരയെടുക്കുന്നതിന്റെ അളവ് കൂടിവരുന്നു. തുറമുഖനിർമാണം പൂർത്തിയാകുന്നതിനനുസരിച്ച് തീരം കടലെടുക്കുന്നതിന്റെ അളവ് കൂടുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മനോഹരമായ ശംഖുമുഖം ബീച്ചും വിമാനത്താവളത്തിലേക്കുള്ള റോഡും കുറച്ച് മാസങ്ങൾക്ക് മുമ്പ് കടലെടുത്തിരുന്നു. തകർന്ന തീരത്തിന് കാരണം തുറമുഖനിർമാണമെന്നാണ് ആരോപണം.
നിരവധി വീടുകൾ കടലെടുത്തു, വ്യവസായ കേന്ദ്രങ്ങൾ അടക്കേണ്ടിവന്നു. തുറമുഖ നിർമാണമാണ് ഇതിനെല്ലാം കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുമ്പോഴും സർക്കാരോ അദാനിയോ അത് കണ്ടെന്നു നടിക്കുന്നില്ല. അതിനാൽ എന്നാണ് കരകയറി കടലെത്തുന്നതെന്ന്കാത്തിരിക്കുകയാണ് ഇവർ.
Content Highlights:Vizhinjam port project, Adani Group, Thiruvananthapuram