കൊച്ചി > എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കലൂർ ഉണ്ണിക്കൃഷ്ണൻ (68) അന്തരിച്ചു. കോവിഡ് ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം കോവിഡ് മാനദണ്ഡം പാലിച്ച് ഇടപ്പള്ളി പൊതുശ്മശാനത്തിൽ നടത്തി. കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം തുടങ്ങിയ നിലകളിലും സാംസ്കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: അനീഷ് ബേബി. മക്കൾ: നിഖിൽ, നീരജ്. മരുമകൾ: അനുപമ.
കലൂർ പോണോത്ത് നാരായണന്റേയും കല്യാണിയുടെയും മകനായ ഉണ്ണികൃഷ്ണൻ ചെറുപ്പം മുതൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കളമശ്ശേരി ഗവ. ഐടിഐയിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസം നേടിയശേഷം ഏതാനം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. കൊച്ചി നേവൽ ബേസിൽ ഓഫീസിൽ ജോലി ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ രാജിവെച്ചു. പിന്നീട് എറണാകുളത്തെ ടാറ്റാ ഓയിൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഹിന്ദുസ്ഥാൻ ലിവറിൽ പതിനാലുവർഷത്തെ സേവനത്തിനു ശേഷം വിആർഎസ് എടുത്ത് സ്വയം പിരിഞ്ഞു. കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി കലൂർ യൂണിറ്റ് സെക്രട്ടറിയായി മൂന്നു വർഷക്കാലം പ്രവർത്തിച്ചു. കട്ട് കട്ട്, ചിത്രസുധ, ബാലലോകം തുടങ്ങിയ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. സായാഹ്ന കൈരളിയിലും ജോലി ചെയ്തിട്ടുണ്ട്.
നാന, സിനിമാമാസിക, ഫിലിംമാഗസിൻ, സിനിരമ, ഛായ, ചലച്ചിത്രം, ചിത്ര കൗമുദി എന്നീ പ്രസിദ്ധീകരണങ്ങളിൽ സിനിമ-നാടക നിരൂപണങ്ങളും നടീനടൻമാരുടെ അഭിമുഖങ്ങളും എഴുതിയിരുന്നു. വിവിധരംഗങ്ങളിലെ പ്രവർത്തന മികവിന് സഹൃദയ ഗ്രന്ഥശാല സാഹിത്യപുരസ്കാരം, യുവകലാ തരംഗ് സാഹിത്യ അവാർഡ്, കേരള കവിസമാജത്തിന്റെ സമഗ്ര സംഭാവന പുരസ്കാരം, ദർശന ബാലസാഹിത്യ അവാർഡ്, ഡോ. ബി ആർ അംബേദ്ക്കർ നാഷണൽ എക്സലൻസ് അവാർഡ്, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യം, നോവൽ, ചെറുകഥ, നാടകം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി പത്തൊമ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.