ധോൽപുർ
അസമിൽ കുടിയൊഴിപ്പിക്കപ്പെട്ട ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളിലെ അയ്യായിരത്തോളം പേര് ഭക്ഷണമോ കുടിവെള്ളമോ കിട്ടാതെ താൽക്കാലിക ഷെഡുകളിൽ കഴിയുന്നത് മരണഭയത്തോടെ. ധോൽപുരിലെ നദിയുടെ തീരത്താണ് സ്ത്രീകളും കുട്ടികളുമടക്കം കഴിയുന്നത്.
‘ഞങ്ങൾ പട്ടിണി മൂലം മരിക്കും, അതാണ് ബിജെപി സർക്കാരിന്റെ ആഗ്രഹവും. ആയിരക്കണക്കിന് ആളുകളുടെ നിലവിളി ഇവിടെ കേൾക്കാം. ഇതിനേക്കാൾ ഭേദം ഞങ്ങളെ വെടിവച്ച് കൊല്ലുന്നതാണ് ’ 46 കാരനായ അബ്ദുൾ അസീസ് പറയുന്നു. ഭക്ഷണം വാങ്ങാൻ സമീപപ്രദേശങ്ങളിലേക്ക് പോകാൻ പോലും പൊലീസുകാർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ 4-5 ദിവസമായി തങ്ങൾ ഷെഡിലാണ് താമസിക്കുന്നതെന്ന് നാല് കുട്ടികളുടെ അമ്മയായ രമിഷ ഖാറ്റൂൻ പറഞ്ഞു. കുട്ടികൾക്ക് പനിയുണ്ട്. ചികിത്സിക്കാൻ സൗകര്യമൊന്നുമില്ല. നദിയിലെ മലിനജലം കുടിച്ചാണ് ജീവൻ നിലനിർത്തുന്നതെന്നും അവർ പറഞ്ഞു.
ധരങ് ജില്ലയിലെ ധോൽപുരിലുള്ള 602.40 ഹെക്ടർ സ്ഥലത്തുനിന്നുള്ള കർഷക കുടുംബങ്ങളെയാണ് ബിജെപി സർക്കാർ ബലമായി കുടിയൊഴിപ്പിച്ചത്. ഇവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
പന്ത്രണ്ടുകാരനും കൊല്ലപ്പെട്ടു
അസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരിൽ പന്ത്രണ്ടുകാരനും. പോസ്റ്റ് ഓഫീസിൽനിന്ന് ആധാര്‍ കാര്‍ഡ് വാങ്ങി വരുമ്പോഴാണ് ഷാഖ് ഫരീദ് വെടിയേറ്റ് വീണത്. ആള്‍ക്കൂട്ടത്തെ കണ്ട് ഫരീദ് അവിടെ നില്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നെഞ്ചിൽ രണ്ട് തവണ വെടിയേറ്റു. തല്‍ക്ഷണം മരിച്ചു.മൊയിനുള്‍ ഹഖ് എന്നയാളും വെടിവയ്പില്‍ മരിച്ചു. ഹഖിന്റെ മൃതദേഹത്തിലാണ് പൊലീസിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ചവിട്ടിയത്.