ന്യൂഡൽഹി
അസമിൽ കർഷകരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി അടിച്ചമർത്താനാണ് ബിജെപി,ആർഎസ്എസ് ശ്രമമെന്ന് അഖിലേന്ത്യാ കിസാൻസഭ. അസം ജനതയെയും ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെയും ശത്രുക്കളാക്കി വർഗീയധ്രുവീകരണം ശക്തമാക്കാനാണ് നീക്കമെന്നും നേതാക്കൾ പറഞ്ഞു.
ധോൽപുർ–-ഗോരുഖുതി മേഖലയിൽ 50 വർഷത്തിലേറെയായി കൃഷി ചെയ്ത് ജീവിക്കുന്നവരെയാണ് നിഷ്ഠുരമായി കുടിയിറക്കിയത്. ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്. രണ്ട് കർഷകർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
പുനരധിവാസ പദ്ധതി ഇല്ലാതെ ആയിരക്കണക്കിനുപേരെ ഇറക്കിവിട്ടതിനെ മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സർമ അഭിനന്ദിക്കുകയുണ്ടായി.അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രാജിവയ്ക്കണം. ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷവും പരിക്കേറ്റവർക്ക് അഞ്ചുലക്ഷവും നഷ്ടപരിഹാരം നൽകണം.അസമിലെ സാഹചര്യം വിലയിരുത്താൻ കിസാൻസഭ പ്രതിനിധി സംഘം അസം സന്ദർശിക്കും. കിസാൻസഭ രാജ്യവ്യാപക പ്രതിഷേധപരിപാടി സംഘടിപ്പിക്കും.
വാർത്താസമ്മേളനത്തിൽ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽസെക്രട്ടറി ഹന്നൻ മൊള്ള, ജോയിന്റ് സെക്രട്ടറിമാരായ എൻ കെ ശുക്ല, വിജുകൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.
ഭാരത് ബന്ദിനൊരുങ്ങി ബംഗാൾ
കൊൽക്കത്ത
സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്ത 27ലെ ഭാരത് ബന്ദിന് പിന്തുണയുമായി ബംഗാളിൽ ഉടനീളം സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. തൊഴിലാളികളും കർഷകരുംഅടക്കം പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു. ഗ്രാമപ്രദേശങ്ങൾക്കു പുറമെ പ്രധാന നഗരങ്ങളും വ്യവസായ മേഖലകളുമായ സിലിഗുരി, ദുർഗാപുർ, അസൺസോൾ, ഹാൾദിയ, ഹൗറ, ഖരക്പ്പുർ, ജാൽപായ്ഗുരി, ബർദ്വമാൻ, കൃഷ്ണനഗർ എന്നിവിടങ്ങളിലും റാലി നടന്നു. കർഷക നിയമങ്ങളെ എതിർക്കുന്നെന്നും സമരത്തെ പിന്തുണയ്ക്കുന്നെന്നും അവകാശപ്പെട്ടിരുന്ന മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ബന്ദിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ചു.