ആലപ്പുഴ > കേരളത്തിലെ കലാകാരന്മാരുടെ കലാ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കാൻ സാംസ്കാരിക വകുപ്പ് മുഴുവൻ സമയ വിനോദ-വിജ്ഞാന ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഭീമാ ബാലസാഹിത്യ അവാർഡ് കെ ആർ വിശ്വനാഥന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒട്ടേറെ കലാകാരന്മാരുടെ ജീവിതം ദുരിതത്തിലാണ് അവരെ പരമാവധി സഹായിക്കാൻ ശ്രമിക്കും. അവശരും അനാഥരുമായ കലാകാരന്മാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അടിയന്തിരമായി ആരംഭിക്കും. കുട്ടികളുടെ കലാ-സാഹിത്യ അഭിരുചി വർധിപ്പിക്കാൻ ജില്ലകൾ തോറും ശില്പശാലകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അവാർഡ് കമ്മറ്റി ചെയർമാൻ കെ ജയകുമാർ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ പ്രശസ്തിപത്രം സമ്മാനിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. രാജീവ് ആലുങ്കൽ പുസ്തകം പരിചയപ്പെടുത്തി. എ എ ഷുക്കൂർ, പി വെങ്കിട്ടരാമയ്യർ, രവി പാലത്തിങ്കൽ, കെ ആർ വിശ്വനാഥൻ, എ എൻ പുരം ശിവകുമാർ എന്നിവർ സംസാരിച്ചു.