തിരുവനന്തപുരം > ആയുഷ് മേഖലയ്ക്ക് സംസ്ഥാന സര്ക്കാര് വലിയ പ്രാധാന്യമാണ് നല്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്ക്കരിക്കും. രോഗ പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കും. കോവിഡാനന്തര ചികിത്സാ രംഗത്തും ആയുഷ് സേവനങ്ങള് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സര്ക്കാരിന്റെ 100 ദിന കര്മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 12 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്ലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 5.17 കോടി രൂപയാണ് പദ്ധതികൾക്കായി ചെലവ് വരുന്നത്.
കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് 40 സ്ഥാപനങ്ങളെയാണ് ഹെല്ത്ത് ആന്റ് വെല്നസ് സെന്ററുകളാക്കിയത്. അതിന്റെ തുടര്ച്ചയായി ഈ സര്ക്കാര് 50 സ്ഥാപനങ്ങളെ ഇതിനോടകം ഹെല്ത്ത് ആന്റ് വെല്നസ് സെന്ററുകളാക്കി ഉയര്ത്തിയിട്ടുണ്ട്. ഈ വര്ഷം 150 സ്ഥാപനങ്ങളെ കൂടി ഇത്തരത്തില് ആയുഷ് ഹെല്ത്ത് ആന്റ് വെല്നസ് സെന്ററുകളാക്കി ഉയര്ത്താനാണ് ലക്ഷ്യമിടുന്നത്.
മഗളിര് ജ്യോതി, പത്തനംതിട്ട സര്ക്കാര് ആയുര്വേദ ഡിസ്പെന്സറിയിലെ ഇന്ഫെര്ട്ടിലിറ്റി ക്ലീനിക്, 6 സ്ഥാപനങ്ങള് കേരള അക്രഡിറ്റേഷന് നേടിയതിന്റെ പ്രഖ്യാപനം, ആയുഷ് സേവനങ്ങള് ഇനി ഇ-സഞ്ജീവനി വഴി, പത്തനംതിട്ടയില് ജില്ലാ മെഡിക്കല് സ്റ്റോര് നിര്മ്മാണം, സ്റ്റേറ്റ് മെഡിസിനല് പ്ലാന്റ് ബോര്ഡിന്റെ ആഭിമുഖ്യത്തില് ഗുണമേന്മയുള്ള ഔഷധ സസ്യ തൈകളുടെ ഉത്പാദനവും വിതരണവും, ഔഷധ സസ്യങ്ങള്ക്കായി മൂന്ന് മോഡല് നേഴ്സറികള്, ഔഷധ സസ്യ പ്രദര്ശ ഉദ്യാനം, ഔഷധ സസ്യങ്ങള്ക്കായി രണ്ട് വിത്ത് കേന്ദ്രങ്ങളുടെ നിര്മ്മാണം, ആയുര്വേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധസസ്യ നഴ്സറി, ഇന്സ്റ്റിറ്റ്യൂഷണല് ഹെല്ബല് ഗാര്ഡന്, കരുനാഗപ്പള്ളി ആയുര്വേദ ആശുപത്രിയില് പുതിയ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്വഹിച്ചത്. മന്ത്രിമാരായ എ കെ ശശീന്ദ്രന്, ആന്റണി രാജു, മറ്റ് ജന പ്രതിനിധികള്, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.