പത്തനാപുരം > ഗാന്ധിഭവനിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും അവിടത്തെ കുഞ്ഞുമക്കള്ക്ക് അക്ഷരം പറഞ്ഞുകൊടുക്കാനും ഇനി പാട്ടിയമ്മയില്ല. പത്തനാപുരം ഗാന്ധിഭവനിലെ‘പാട്ടിയമ്മ’ എന്ന ആനന്ദവല്ലിയമ്മാള് (91) ഇന്ന് രാവിലെ അന്തരിച്ചു. 12 വര്ഷമായി അവിടെ അന്തേവാസിയായിരുന്ന ആനന്ദവല്ലിയമ്മാള് മൂന്നുനേരവുമുള്ള സര്വ്വമതപ്രാര്ത്ഥനകളിലും കലാസാംസ്കാരിക പരിപാടികളിലും സജീവമായിരുന്നു.
തിരുവിതാംകൂര് ദിവാനായിരുന്ന സര് സി പി രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന് ഗണപതി അയ്യരുടെയും ലക്ഷ്മിഅമ്മാളിന്റെയും പേരക്കുട്ടിയാണ് ആനന്ദവല്ലിയമ്മാൾ. മദ്രാസില് നിന്നും ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങള്ക്കായി കൊല്ലത്തുവന്ന് ചേക്കേറിയതാണ് ഇവരുടെ കുടുംബം.
മദ്രാസില് ടിടിസി കഴിഞ്ഞ് ജോലിയിലിരിക്കെയാണ് കൊല്ലത്ത് വരുന്നത്. ഇവിടെയും സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്തു. പിന്നീട് നിരവധി കുട്ടികൾക്ക് കണക്കും ഇംഗ്ലീഷും ട്യൂഷനെടുത്തു.
സഹോദരിയുടെകുടുംബത്തിനൊപ്പമായിരുന്നു പാട്ടിയമ്മ . വാര്ദ്ധക്യ അവശതകൾ അലട്ടാൻ തുടങ്ങിയപ്പോൾ വനിതാ കമീഷൻ അംഗം ഷാഹിദാ കമാലാണ് ഗാന്ധിഭവനിലെത്തിച്ചത്.സഹോദരങ്ങള്: പരേതരായ സത്യസുബ്രഹ്മണ്യം, ഗണപതി പത്മനാഭന്, ലക്ഷ്മീനാരായണന് , മുത്തുലക്ഷ്മി മക്കളില്ലാത്ത പാട്ടിയമ്മക്ക് ഗാന്ധിഭവന്റെ നാഥനായ ഡോ. പുനലൂര് സോമരാജനായിരുന്നു മകന്.