കണ്ണൂർ > ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുരേന്ദ്രൻമാറിനിൽക്കണമെന്ന് മുതിർന്ന നേതാവ് പി പി മുകുന്ദൻ. സുരേന്ദ്രന് കീഴിൽ അണികൾ കടുത്ത നിരാശയിലാണ്. നിഷ്ക്രിയരും നിസ്സംഗരുമായി പ്രവർത്തകർ മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. സുരേന്ദ്രൻ കേസിൽ പെട്ടിരിക്കുകയാണ്. അതിൽ ഒരു തീരുമാനം ആകുന്നതുവരെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കണം. മോചിതനായാൽ തിരിച്ചുവരണം. അങ്ങനെയാണ് അദ്വാനി ചെയ്തത്. എന്തിനാണ് കേന്ദ്രത്തിന് മടി. കേന്ദ്രം തീരുമാനം എടുക്കട്ടെ. എന്തിനാണ് നീട്ടിക്കൊണ്ട് പോകുന്നതെന്നും മുകുന്ദൻ ചോദിച്ചു.
ആർഎസ്എസിൽ നിന്ന് പുതിയൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്. പഴയ, കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. ഒരു പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്ന പാർട്ടിയാണ് ബിജെപി. ഇപ്പോൾ ഒരു പ്രസ്താവന ഇറക്കാൻപോലും ആളില്ലാത്ത അവസ്ഥയിലായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ചത് ബുദ്ധിശൂന്യതയാണെന്നും പി പി മുകുുന്ദൻ പ്രതികരിച്ചു.