തിരുവനന്തപുരം
കർഷകരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് നടത്തുന്ന ഹർത്താൽ വൻ വിജയമാക്കണമെന്ന് സംയുക്ത കർഷകസമിതി ചെയർമാൻ സത്യൻ മൊകേരി, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവന വിഭാഗങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ച് സമാധാനപരമായിരിക്കും ഹർത്താൽ. വ്യാപാരികളും വ്യവസായികളും വാഹന ഉടമകളുമെല്ലാം സഹകരിക്കണം. വാഹനങ്ങൾ തടയുകയോ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയോ ചെയ്യില്ല. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ജനവിഭാഗങ്ങൾ സ്വമേധയാ രംഗത്തിറങ്ങുകയാണ്. ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെ പാസാക്കിയ മൂന്ന് കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി നിയമം പിൻവലിക്കുക, കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കർഷകർക്കൊപ്പം തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും മഹിളകളും സർവീസ് സംഘടനകളുമെല്ലാം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹർത്താലിന്റെ ഭാഗമായി ശനിയാഴ്ച ജില്ല, മണ്ഡലം, ഏരിയ, പഞ്ചായത്ത്, വില്ലേജ് കേന്ദ്രങ്ങളിൽ കിസാൻ പഞ്ചായത്ത് സംഘടിപ്പിക്കും. വൈകിട്ട് നാല് മുതൽ ആറ് വരെയാണ് പരിപാടി. ഞായറാഴ്ച എല്ലാ പഞ്ചായത്ത്–-വില്ലേജ് കേന്ദ്രത്തിലും പന്തം കൊളുത്തി പ്രകടനം നടക്കും. ഹർത്താൽ ദിനത്തിൽ പകൽ പത്ത് മുതൽ നാല് വരെ രാജ്ഭവന് മുന്നിൽ കർഷകധർണ നടക്കും. അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എസ് പത്മകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഹർത്താലിന് എതിരായ ഹർജി ഹൈക്കോടതി തള്ളി
ദേശീയ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരളത്തിൽ നടക്കാനിരിക്കുന്ന ഹർത്താലിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. 10 ദിവസത്തെ മുൻകൂർ നോട്ടീസ് ഇല്ലാത്തതിനാൽ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.
കൊല്ലം ശാസ്താംകോട്ട സ്വദേശി പെരുമറ്റം രാധാകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്.
ഹർത്താലിന് കോടതി നിർദേശിച്ച മാർഗരേഖ കർശനമായി പാലിക്കുമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ വ്യക്തമാക്കി. ജോലിക്കെത്തുന്നവർക്ക് സൗകര്യമൊരുക്കും. അനിഷ്ടസംഭങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. സർക്കാർ വിശദീകരണം കണക്കിലെടുത്താണ് ഹർജി തള്ളിയത്.സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങിയ തൊഴിലാളി യൂണിയനുകളെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്.