കൊച്ചി
ഐഎസ്ആർഒ ചാരക്കേസിൽ മുൻകൂർ ജാമ്യവ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുൻ ഡിജിപി സിബി മാത്യൂസ് സമർപ്പിച്ച ഹർജയിൽ ഹൈക്കോടതി സിബിഐയുടെ നിലപാടുതേടി. ഒക്ടോബർ 21നകം വിശദീകരണം നൽകണം. സിബി മാത്യൂസ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാൽ പരിഗണിച്ചത്.
തിരുവനന്തപുരം സെഷൻസ് കോടതി ആഗസ്ത് 24ന് സിബി മാത്യൂസിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. രണ്ടുമാസത്തെ കാലാവധി തീരുന്നമുറയ്ക്ക് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്നും നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്നും വിചാരണ തീരുംവരെയാണ് ജാമ്യം അനുവദിക്കാറെന്നും സിബി മാത്യൂസ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിൽ ഒന്നാംപ്രതിയടക്കമുള്ളവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു. കേസിൽ നാലാംപ്രതിയാണ് സിബി മാത്യൂസ്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് സിബിഐ ചുമത്തിയിട്ടുള്ളത്.