ന്യൂഡൽഹി
സിവിൽ സർവീസ് പരീക്ഷയിൽ ബിഹാർ കത്തിഹാർ സ്വദേശി ശുഭം കുമാറിന് ഒന്നാം റാങ്ക്. ഭോപ്പാലിൽ നിന്നുള്ള ജാഗ്രതി അവസ്തി രണ്ടാം റാങ്കും അങ്കിത ജെയിൻ മൂന്നാം റാങ്കും നേടി. ആദ്യ 25ൽ 12 പെൺകുട്ടികൾ. 25 ഭിന്നശേഷിക്കാർ പട്ടികയിലുണ്ട്.
ബോംബെ ഐഐടിയിൽനിന്ന് സിവിൽ എൻജിനിയറിങ്ങിൽ ബിടെക്കുകാരനാണ് ശുഭം കുമാർ. 2019ൽ 290–-ാം റാങ്ക് നേടിയിരുന്നു. ഇലക്ട്രിക്കൽ എൻജിനിയറായ ജാഗ്രതി ഭെല്ലിൽ ജോലി ചെയ്യുന്നു. 2016 സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ടിന ദാബിയുടെ സഹോദരി റിയ ദാബി 15–-ാം റാങ്ക് നേടി.761 പേരാണ് 2020 സിവിൽ സർവീസ് അന്തിമ പട്ടികയിലുള്ളത്. 150 പേർ റിസർവ് പട്ടികയിലുണ്ട്. മെയിൻ പരീക്ഷ ജയിച്ച 2046 പേർ അഭിമുഖത്തിൽ പങ്കെടുത്തു. ജനറൽ വിഭാഗത്തിൽനിന്ന് 263ഉം സാമ്പത്തിക ദുർബല വിഭാഗത്തിൽനിന്ന് 86 പേരും പട്ടികയിലുണ്ട്. 229 ഒബിസി, 122 എസ്സി, 61 എസ്ടി വിഭാഗക്കാരും വിജയിച്ചു.
ഡൽഹി ജാമിയ മിലിയയിലെ പിന്നോക്ക–- ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള റസിഡൻഷ്യൽ കോച്ചിങ് അക്കാദമിയിലെ 15 പേർ അന്തിമ പട്ടികയിലുണ്ട്.